വളർത്തുമൃഗങ്ങൾ ജീവിതശൈലിയുടെ ഭാഗം, മുന്‍ ഭാര്യയുടെ നായകള്‍ക്ക് പരിപാലന തുക നല്‍കാന്‍ യുവാവിനോട് കോടതി

Advertisement

ബാന്ദ്ര: വിവാഹമോചനം നേടിയ ഭാര്യയുടെ സംരക്ഷണത്തിലുള്ള അവരുടെ വളര്‍ത്തുനായകളുടെ പരിപാലനത്തിനായി പണം നല്‍കാന്‍ ഉത്തരവിട്ട് കോടതി. മഹാരാഷ്ട്രയിലെ ബാന്ദ്ര മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റാണ് വിവാഹ മോചനത്തിന് ശേഷം തകര്‍ന്ന ഭാര്യയ്ക്ക് മനസിന് സ്വസ്ഥത നല്‍കുന്ന നായകളുടെ പരിപാലനത്തിനായ 50000 രൂപ നല്‍കണമെന്ന് ഉത്തരവിട്ടത്. ജീവിത ശൈലിയുടെ ഭാഗമാണ് വളര്‍ത്തുനായകള്‍ അതിനാല്‍ അവയുടെ പരിപാലനവും പ്രധാനപ്പെട്ടതാണ്.

സ്വകാര്യ ജീവിതത്തിലുണ്ടായ വിള്ളല്‍ വളര്‍ത്തു മൃഗങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ വിട്ടുവീഴ്ച വരുത്താന്‍ കാരണമാകരുതെന്ന് വിശദമാക്കിയാണ് കോടതിയുടെ തീരുമാനം. ഗാര്‍ഹിക പീഡനത്തിന് ഇരയായി വിവാഹ മോചനത്തിന് കേസ് കൊടുത്ത 55കാരിയാണ് നായകള്‍ക്കും പരിപാലന ചെലവ് ആവശ്യപ്പെട്ട് ഭര്‍ത്താവിനെതിരെ കേസ് കൊടുത്തത്. സ്ത്രീയ്ക്ക് ജീവനാംശമായി മാസം തോറും 70000 രൂപ നല്‍കണമെന്നാണ് ഇവര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ അപേക്ഷയെ യുവതിക്കും നായകള്‍ക്കും ചേര്‍ത്താണ് ആവശ്യപ്പെടുന്നതെന്നും അതിനാല്‍ നല്‍കാനാവില്ലെന്നുമായിരുന്നു ഭര്‍ത്താവ് കോടതിയില്‍ വാദിച്ചത്.

ഇതോടെയാണ് 50000 രൂപ ഇടക്കാല പരിപാലന ചെലവായി നല്‍കാന്‍ കോടതി ഉത്തരവിട്ടത്. ജീവനാംശം ആവശ്യപ്പെട്ടുള്ള യുവതിയുടെ കേസില്‍ തീരുമാനം ആകുന്നത് വരെയുള്ള മാസങ്ങളില്‍ മാസം തോറും 50000 രൂപ നല്‍കണമെന്നാണ് വിധി. വ്യാപാരത്തില്‍ വൻ നഷ്ടം വന്നതിനാല്‍ പാപ്പരാണെന്ന ഭര്‍ത്താവിന്‍റെ വാദം കോടതി തള്ളി. ഇത് ഉതകുന്ന തെളിവുകള്‍ നല്‍കാന്‍ സാധിക്കാത്തതിന് പിന്നാലെയാണ് ഇത്. 1986ല്‍ വിവാഹിതരായ ദമ്പതികള്‍ ഒരു ദക്ഷിണേന്ത്യന്‍ നഗരത്തിലായിരുന്നു താമസിച്ചിരുന്നത്.

രണ്ട് പെണ്‍മക്കളെയും വിവാഹം ചെയ്ത് നല്‍കിയ ശേഷം 2021ലാണ് ഇവര്‍ വിവാഹ മോചിതരായത്. വിവാഹ മോചന സമയത്ത് ജീവനാംശം അടക്കമുള്ളവ നല്‍കുമെന്ന് ഉറപ്പ് നല്‍കിയ ഭര്‍ത്താവ് പിന്നീട് വാക്കുമാറുകയായിരുന്നു. ഇതോടെയാണ് 55കാരി വീണ്ടും കോടതിയുടെ സഹായം തേടിയത്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മോശം ആരോഗ്യ സ്ഥിതിയിലുള്ള തന്നെ ആശ്രയിച്ച് മൂന്ന് റോട്ട് വീലര്‍ നായകളാണ് ഉള്ളതെന്നുമാണ് ഇവര്‍ കോടതിയെ അറിയിച്ചത്.

Advertisement