ചെന്നൈ: രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന മൂന്നാം ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 3 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ ആരംഭിച്ചു. 25.30 മണിക്കൂർ നീളുന്ന കൗണ്ട്ഡൗൺ ഉച്ചയ്ക്ക് 1.05നാണ് ആരംഭിച്ചത്. നാളെ ഉച്ചയ്ക്ക് 2.35നു രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണു ചന്ദ്രയാൻ 3 ദൗത്യം കുതിച്ചുയരുക.
പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും കൃത്യമാണെന്ന് ഒരിക്കൽ കൂടി പരിശോധിച്ച് ദൗത്യ ഒരുക്കങ്ങളുടെ അവലോകനം നടത്തുന്ന മിഷൻ റെഡിനസ് റിവ്യൂ (എംആർആർ) പൂർത്തിയാക്കിയ ശേഷം ഇസ്റോ ചെയർമാനും ഇസ്റോയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ ഡയറക്ടർമാരും ഉൾപ്പെടുന്ന വിക്ഷേപണ അംഗീകാര ബോർഡ് (ലോഞ്ച് ഓതറൈസേഷൻ ബോർഡ്) വിക്ഷേപണത്തിന് അനുമതി നൽകിയിരുന്നു.
ദൗത്യത്തിന് മുന്നോടിയായി, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ഐഎസ്ആർഒ) ശാസ്ത്രജ്ഞർ തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ചന്ദ്രയാൻ 3 ന്റെ ചെറു രൂപവുമായി പ്രാർഥന നടത്തി.