ബൈക്കിൽ എഴുന്നേറ്റുനിന്നും ചാടിയും പെൺകുട്ടിയുടെ അഭ്യാസം; റോഡിലെ ഈ പ്രകടനം അപകടമെന്നു സോഷ്യൽമീഡിയ

Advertisement

ബൈക്ക് സ്റ്റണ്ടുകൾ ഒരേസമയം ആവേശവും പേടിപ്പിക്കുന്നതുമാണ്. വിദഗ്ധരായവർ നടത്തുന്ന ബൈക്കിലെ പ്രകടനങ്ങൾ കാഴ്ചക്കാരെ ടെൻഷനടിപ്പിക്കുന്നതിനൊപ്പം അത്യധികം വിസ്മയിപ്പിക്കുകയും ചെയ്യും.

പലപ്പോഴും എങ്ങനെയാണ് മുന്നിലെ ചക്രം ഈ ബൈക്കു സ്റ്റണ്ടുകാർ ഉയർത്തുന്നത്, തലകുത്തനെ നിർത്തുന്നത്, കറക്കുന്നത് എന്നിങ്ങനെയുളള സംശയങ്ങൾ നമുക്ക് തോന്നും. ആത്മവിശ്വാസവും സമർപ്പണവും പിന്നെ കൃത്യമായ പരിശീലനവുമാണ് ഇവരെ വിദഗ്ധരാക്കുന്നത്. കൃത്യമായ പരിശീലനത്തിലൂടെയാണ് അസാധ്യമെന്നു തോന്നുന്ന പലതും ഇവർ എളുപ്പത്തിൽ ചെയ്യുന്നത്. ബൈക്ക് സ്റ്റണ്ടിൽ ഏറ്റവും പ്രധാനമായ ഒന്നാണ് ടൈമിംഗ്. ടൈമിംഗ് തെറ്റിയാൽ പിന്നെ എല്ലാം പാളും.

പൊതുവേ പുരുഷൻമാരാണ് ഈ മേഖലയിൽ അധികം. ബൈക്ക് സ്റ്റണ്ട് നടത്തുന്ന സ്ത്രീകൾ ഉണ്ടെങ്കിലും അത് തുലോം കുറവാണ്. എന്നാൽ പുരുഷൻമാർക്കു മാത്രമല്ല നമുക്കും പറ്റുമെന്ന് കാണിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ് നടുറോഡിലെ ഒരു പെൺകുട്ടിയുടെ ബൈക്ക് സ്റ്റണ്ട്. കാഴ്ചക്കാരെ അമ്പരപ്പെടുത്തുന്ന ഈ വിഡിയോ പതിനായിരങ്ങളാണ് കണ്ടത്.

ഹസ്‌ന സരൂരി ഹെ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു പെൺകുട്ടി ബൈക്ക് ഓടിക്കുന്നതാണ് ആദ്യം വിഡിയോയിൽ കാണാനാവുക. പെട്ടെന്ന് അവർ ബൈക്കിൽ എഴുന്നേറ്റ് നിൽക്കുകയും പിന്നീട് ബൈക്കിന്റെ മുൻചക്രം ഉയർത്തുന്നതും കാണാം. വളരെ അനായാസമായാണ് പെൺകുട്ടി സ്റ്റണ്ട് നടത്തുന്നത്. പെൺകുട്ടിയുടെ അപകടകരമായ ബൈക്ക് സ്റ്റണ്ടിനെ പ്രകീർത്തിച്ചും ആശങ്കപ്പെട്ടും നിരവധിപേരാണ് വിഡിയോക്ക് താഴെ കമന്റുകളിട്ടിരിക്കുന്നത്. ചിലർ തങ്ങളുടെ ബൈക്ക് സ്റ്റണ്ട് അനുഭവങ്ങളും കുറിച്ചിട്ടുണ്ട്.

ഒരു പെൺകുട്ടിയുടെ അമ്പരപ്പിക്കുന്ന ബൈക്ക് സ്റ്റണ്ട് എന്ന നിലയിൽ നിരവധിപേർ വിഡിയോ ഷെയർ ചെയ്യുന്നുണ്ടെങ്കിലും ഒരിക്കലും അപകടകരമായ ഈ പ്രവൃത്തിക്ക് ശ്രമിക്കരുതെന്നാണ് ഭൂരിപക്ഷം പേരുടേയും അഭിപ്രായം. കൃത്യമായ പരിശീലനം നേടാതെ നടത്തുന്ന ബൈക്ക് സ്റ്റണ്ടുകൾ വലിയ അപകടം വരുത്തുമെന്ന മുന്നറിയിപ്പുകൂടി വിഡിയോക്കു താഴെയുളള കമന്റുകളിൽ കാണാം.

1 COMMENT

Comments are closed.