കുതിച്ചുയർന്ന് ചന്ദ്രയാൻ 3

Advertisement

ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് കുതിച്ചുയർന്ന് ചന്ദ്രയാൻ 3. ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാൻ 3 ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപിച്ചത്.

മുൻ ദൗത്യങ്ങളിലെ പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് പുതിയ ദൗത്യത്തിന് ഐഎസ്ആർഒ തയ്യാറെടുത്തത്. 2019ലായിരുന്നു ചന്ദ്രയാൻ-2 ദൗത്യം. ചന്ദ്രയാൻ -2 സോഫ്റ്റ്‌ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ അവസാന നിമിഷം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. ഈ പോരായ്മ പരിഹരിക്കാൻ കൂടുതൽ ഇന്ധനവും സുരക്ഷാ ക്രമീകരണങ്ങളും ചന്ദ്രയാൻ-3ൽ സജ്ജമാക്കിയിട്ടുണ്ട്. സുഗമമായി ലാൻഡ് ചെയ്യാൻ ലാൻഡറിന്റെ കാൽ കൂടുതൽ ശക്തിപ്പെടുത്തി. കൂടുതൽ സൗരോർജ പാനലുകളും പേടകത്തിൽ നൽകിയിട്ടുണ്ട്. ഏതെങ്കിലും ചില ഘടകങ്ങളിൽ വീഴ്ച സംഭവിച്ചാൽപ്പോലും ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്ന വിധത്തിലാണ് രൂപകൽപനയും.

ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ എൽവിഎം 3 റോക്കറ്റാണ് ചന്ദ്രയാൻ 3മായി കുതിച്ചുയർന്നത്. പതിനാറാം മിനിറ്റിൽ പേടകം റോക്കറ്റിൽ നിന്ന് വേർപ്പെടും. ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ എറ്റവും കുറഞ്ഞ ദൂരവും 36,500 കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള പാർക്കിംഗ് ഓർബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിക്കുക. അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം വർധിപ്പിച്ചു കൊണ്ടുവരും. ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര തുടങ്ങുക. ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ അഞ്ച് ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ച് കൊണ്ടു വരും. ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിയ ശേഷമാവും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ചന്ദ്രയാൻ മൂന്ന് ലാൻഡർ വേർപ്പെടുക. ഇതിന് ശേഷമാണ് സോഫ്റ്റ് ലാൻഡിങ്ങ് ഉണ്ടാവുക.

എൽവിഎമ്മിന്റെ ഏഴാമത്തെ ദൗത്യമാണിത്. 40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാൻ മൂന്ന് ലാൻഡർ ചന്ദ്രനിൽ ഇറങ്ങുക. ദൗത്യം വിജയകരമായാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയൻ എന്നിവർ മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.