ശ്രീഹരിക്കോട്ട:രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്ഷേപണം വിജയകരം. ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. വിക്ഷേപിച്ച് 22ാം മിനിറ്റിലാണ് ചന്ദ്രയാൻ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്. ഖര ഇന്ധനം ഉപയോഗിച്ചാണ് റോക്കറ്റ് പറന്നുയർന്നത്. 44 കിലോമീറ്റർ ഉയരത്തിലെത്തിയപ്പോൾ ദ്രാവക എൻജിൻ പ്രവർത്തനം ആരംഭിച്ചു. 127 സെക്കൻഡിൽ 62 കിലോമീറ്റർ ഉയരത്തിലെത്തിയപ്പോൾ ഖര ഇന്ധന എൻജിനുകൾ വേർപെട്ടു. തുടർന്ന് 114 കിലോമീറ്റർ ഉയരത്തിൽ പ്രൊപ്പൽഷൻ മൊഡ്യൂളിനെ സുരക്ഷിതമാക്കാൻ ഘടിപ്പിച്ചിരിക്കുന്ന താപകവചങ്ങൾ വേർപെട്ടു
305 സെക്കൻഡിൽ 175 കിലോമീറ്റർ ഉയരമെത്തിയപ്പോൾ ദ്രാവക എൻജിനുകൾ വേർപെട്ടു. തുടർന്ന് ക്രയോജനിക് എൻജിനുകൾ പ്രവർത്തിച്ചു തുടങ്ങി. പിന്നാലെ ക്രയോജനിക് എൻജിനും പ്രവർത്തന രഹിതമായി. ഇതിന് ശേഷം പ്രൊപ്പൽഷൻ മൊഡ്യൂൾ-ലാൻഡർ സംയുക്തം വേർപെട്ട് ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തി. ഓഗസ്റ്റ് 23നോ 24നോ ചന്ദ്രയാൻ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം സുരക്ഷിതമായി ലാൻഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തിന് തന്നെ അഭിമാന നിമിഷമെന്നാണ് ഐഎസ്ആർഒ പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദൗത്യത്തെ അഭിനന്ദിച്ചു. ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായമാണിതെന്ന് നരേന്ദ്രമോദി പറഞ്ഞു.