ന്യൂ ഡെൽഹി : ലോകത്തിൽ ഏറ്റവും അധികം അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഭക്ഷ്യ വില ഉയർന്നതിനെ തുടർന്ന് പ്രധാനഇനം അരികളുടെ കയറ്റുമതി നിരോധിക്കാൻ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോർട്ട്. എൽ നിനോ പ്രതിഭാസം മടങ്ങിവരുന്നതിനാൽ ആഗോള തലത്തിൽ വിലകൾ ഇതിനകം തന്നെ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മോദിസർക്കാർ ബസുമതി അല്ലാത്ത എല്ലാ അരിയുടെയും കയറ്റുമതി നിരോധിക്കാനുള്ള പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യുകയാണെന്ന് വിദഗ്ധർ പറയുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽ പണപ്പെരുപ്പം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാൻ അധികാരികൾ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്. നിരോധനം നടപ്പാക്കിയാൽ രാജ്യത്ത് ഉത്പ്പാദിപ്പിക്കുന്ന അരിയുടെ കയറ്റുമതിയെ 80 ശതമാനത്തോളം ബാധിക്കും. ഇത്തരം നീക്കം ആഭ്യന്തര വിപണിയിൽ വില കുറയ്ക്കാൻ സഹായിച്ചേക്കാം, പക്ഷേ ആഗോള തലത്തിൽ വിലയെ പ്രതികൂലമായി ബാധിച്ചേക്കും. ലോക ജനസംഖ്യയുടെ പകുതിയോളം ആളുകളുടേയും മുഖ്യാഹാരമാണ് അരി. അരിയുടെ ആഗോള വിതരണത്തിന്റെ 90 ശതമാനം ഉപയോഗവും ഏഷ്യയിലാണ്.
രാജ്യത്തെ പ്രധാന നെല്ലുൽപാദന പ്രദേശങ്ങളിലെ മഴയുടെ പതിവ് രീതി തെറ്റിയുള്ള പെയ്ത് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ധാന്യത്തിന്റെ വില 20% വരെ ഉയർത്തിയതായി ഇക്ണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആഗോള അരി വ്യാപാരത്തിന്റെ 40 ശതമാനവും ഇന്ത്യയുടേതാണ്. റഷ്യ-യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് ഗോതമ്പ്, ചോളം തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയർന്നു. വെള്ള, തവിട്ട് അരിയുടെ കയറ്റുമതിക്ക് സർക്കാർ 20 ശതമാനം തീരുവ ചുമത്തിയിരുന്നു. ഗോതമ്പ്, പഞ്ചസാര എന്നിവയുടെ കയറ്റുമതിയിൽ രാജ്യം നിയന്ത്രണം ഏർപ്പെടുത്തി. എൽ നിനോയുടെ തിരിച്ചുവരവ് വിളകൾക്ക് നാശമുണ്ടാക്കുമെന്ന ആശങ്കയിൽ ബെഞ്ച്മാർക്ക് വില ഇതിനകം രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നിട്ടുണ്ട്.
ഇന്ത്യയാണ് ഏറ്റവും വിലകുറഞ്ഞ അരി വിതരണക്കാരെന്ന് റൈസ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബി വി കൃഷ്ണ റാവു പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ മിനിമം താങ്ങുവില കാരണം ഇന്ത്യൻ വിലകൾ ഉയർന്നപ്പോൾ, മറ്റ് വിതരണക്കാരും വില ഉയർത്താൻ തുടങ്ങി. മൂന്ന് ബില്ല്യണിലധികം ആളുകൾക്ക് അരി ഒരു പ്രധാന വിഭവമാണ്, കൂടാതെ 90% ജലം ആവശ്യമുള്ള വിളയും ഉൽപ്പാദിപ്പിക്കുന്നത് ഏഷ്യയിലാണെന്നും അദ്ദേഹം പറഞ്ഞു.
നിരോധനത്തിന് സാധ്യതയുള്ള വാർത്തകളെ തുടർന്ന് ഇന്ത്യൻ റൈസ് മില്ലർമാരുടെ ഓഹരികളിൽ ഇതിനോടകം തന്നെ ഇടിവ് ഉണ്ടായി. രാജ്യത്തെ ഏറ്റവും വലിയ അരി കമ്പനിയായ കെആർബിഎൽ ലിമിറ്റഡിന് 3.7 ശതമാനത്തോളം ഇടിവാണ് ഉണ്ടയാത്. ചമൻ ലാൽ സെറ്റിയ എക്‌സ്‌പോർട്ട് ലിമിറ്റഡ് 1.4 ശതമാനവും കോഹിനൂർ ഫുഡ്‌സ് ലിമിറ്റഡ് 2.9 ശതമാനവും ഇടിഞ്ഞപ്പോൾ എൽടി ഫുഡ്‌സ് ലിമിറ്റഡിന് 4.4 ശതമാനവും ഇടിവ് സംഭവിച്ചു.