തലയ്ക്ക് വെടിയേറ്റ ദലിത് പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ; രാഷ്ട്രീയ പോര്

Advertisement

ജയ്പുർ: രാജസ്ഥാനിലെ കരൗലിയിൽ ദലിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ദലിത്‌ യുവതിയുടെ കൊലപാതകം സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപിയും ബഹുജൻ സമാജ്‌വാദി പാര്‍ട്ടിയും. അശോക് ഗെലോട്ട് സർക്കാരിന്റെ കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.

യുവതിയുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രിക്കു മുന്‍പിൽ ബിജെപി ധർണ നടത്തി. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം സർക്കാരിനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ജൂലൈ 12നാണ് 19 വയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയത്. കഴി​ഞ്ഞ ദിവസം പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായോ എന്ന് പൊലീസ് വ്യക്തമാക്കിയില്ല. വെടിയേറ്റാണ് പെൺകുട്ടി മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

‌പൊലീസിന്റെ നിരുത്തരവാദിത്തപരമായ സമീപനമാണ് പെൺകുട്ടിയുടെ മരണത്തിനു കാരണമെന്ന് ഇവരുടെ അമ്മ പറഞ്ഞു. ‘‘പുലർച്ചെ മൂന്നുമണിയോടെ മൂന്നോ നാലോ പേരുടെ സംഘം ഞങ്ങളുടെ വീട്ടിലെത്തി. അവളുടെ വായ മൂടിക്കെട്ടിയാണ് അവർ കൊണ്ടുപോയത്. ഞാൻ ഉറക്കെ നിലവിളിച്ചു. പക്ഷേ, അവർ അവളെ കൊണ്ടുപോയി. ഞങ്ങൾ പൊലീസ് സ്റ്റേഷനിലേക്കു പോയെങ്കിലും കേസ് റജിസ്റ്റർ ചെയ്യാൻ അവർ തയാറായില്ല. കേസ് കൊടുക്കാനുള്ള സാഹചര്യമില്ലെന്നും എന്നോട് അവിടെ നിന്നു പോകാനും അവർ പറഞ്ഞു’’– പെൺകുട്ടിയുടെ അമ്മ വ്യക്തമാക്കുന്നു.

അതേസമയം കേസിലെ പ്രതികളിൽ ഒരാളെ അറസ്റ്റു ചെയ്തെന്നും മറ്റുള്ളവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ‘‘ഈ കേസിൽ പൊലീസിനു ചില തെളിവുകൾ ലഭിച്ചു. ഇരയുടെ അമ്മയോട് അവർക്ക് ആരെയെങ്കിലും സംശയമുണ്ടോ എന്ന് അന്വേഷിച്ചിരുന്നു. പെൺകുട്ടിയുടെ അമ്മ ഇതുവരെ ആരുടെയും പേര് പറഞ്ഞില്ല. എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.’’– പൊലീസ് അറിയിച്ചു.

പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം പ്രതിഷേധ ധർണയിൽ പങ്കെടുത്ത ബിജെപി എംപി കിരോഡി ലാൽ മീണ പറഞ്ഞു. പെൺകുട്ടിയുടെ കുടുംബത്തിനു നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. പ്രതികളെ നിയമത്തിനു മുന്‍പിൽ കൊണ്ടുവരണമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും ആവശ്യപ്പെട്ടു. .