റെയിൽവേ സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടന്ന 16കാരിയും കാമുകനും പിടിയിൽ

Advertisement

തൃശൂർ: ചൈൽഡ് ലൈൻ ജീവനക്കാരുടെ കഴുത്തിൽ കുപ്പിച്ചില്ലു വച്ചു ഭീഷണി മുഴക്കിയ ശേഷം പതിനാറുകാരിയായ കാമുകിയെ കാമുകൻ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ ഇരുവരും പിടിയിലായി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓടിരക്ഷപ്പെട്ട ഇരുവരും 20 മണിക്കൂർ അലഞ്ഞുതിരിഞ്ഞ ശേഷം 12 കിലോമീറ്ററകലെ ആമ്പല്ലൂരിൽ നിന്നാണ് കസ്റ്റഡിയിലായത്.

ദേശീയപാതയോരത്തു കൂടി നടന്നുപോയ ഇവരെ ഒരു ഹോംഗാർഡ് തിരിച്ചറിഞ്ഞു പൊലീസ് സ്റ്റേഷനിലേക്കു വിവരം നൽകുകയായിരുന്നു. ഇരുപതുകാരനായ കാമുകനെയും പതിനാറുകാരിയായ കാമുകിയെയും പൊലീസ് എത്തി പുതുക്കാട് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി.

വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് റെയിൽവേ സ്റ്റേഷനിൽ ഇവർ പരിഭ്രാന്തി സൃഷ്ടിച്ച സംഭവങ്ങളുണ്ടാക്കിയത്. പെൺകുട്ടിക്കു പ്രായപൂർത്തിയായില്ലെന്നു മനസ്സിലാക്കി ചൈൽഡ് ലൈൻ പ്രവർത്തകർ ഇവരെ ഓഫിസിലേക്കു കൂട്ടിക്കൊണ്ടുപോയതിനു പിന്നാലെ യുവാവ് ബീയർ കുപ്പി പൊട്ടിച്ചു ചില്ലുയർത്തിപ്പിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

ചൈൽഡ് ലൈനിലെ വനിതാ ജീവനക്കാരുടെ കഴുത്തിനു നേർക്കു ചില്ലുകഷണം വീശി. എല്ലാവരും പകച്ചുനിൽക്കെ ഇയാൾ പെൺകുട്ടിയുമായി കടന്നു കളഞ്ഞു. സംഭവത്തിൽ സുരക്ഷാ വീഴ്ചയുടെ പേരിൽ ആർപിഎഫ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തിരുന്നു.