വർക്ക് ഫ്രം ഹോം ഒഴിവാക്കി; വനിതാ ജീവനക്കാരുടെ കൂട്ടരാജി

Advertisement

ന്യൂ ഡെൽഹി : വര്‍ക്ക് ഫ്രം ഹോം സംവിധാനം ഒഴിവാക്കിയതോടെ വനിതാ ജീവനക്കാരുടെ കൂട്ടരാജി. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി സ്ഥാപനങ്ങളിലൊന്നായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസില്‍ ( ടിസിഎസ് ) ജീവനക്കാര്‍ കൂട്ടമായി ജോലി ഉപേക്ഷിക്കുകയാണ്. ഇതില്‍ ഭൂരിപക്ഷവും വനിതാ ജീവനക്കാരാണെന്ന് കമ്പനി എച്ച് ആര്‍ മേധാവി മിലിന്ദ് ലക്കാട് അറിയിച്ചു.

കൊവിഡ് മഹാമാരിക്ക് പിന്നാലെയാണ് ഐടി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വര്‍ക്ക് ഫ്രം ഹോം എന്ന തൊഴില്‍ സംസ്‌കാരത്തിലേക്ക് മാറിയത്. ഉല്‍പ്പാദനക്ഷമതയില്‍ കുറവ് വരാതെ വീട്ടിലിരുന്നുകൊണ്ട് ജോലി ചെയ്യുന്ന പാശ്ചാത്യ തൊഴില്‍ സംസ്‌കാരം ഒരു പരിധിവരെ കമ്പനികളും തൊഴിലാളികളും ഫലപ്രദമാക്കി ഉപയോഗിച്ചിട്ടുണ്ട്. കൊവിഡിനിപ്പുറം കമ്പനികള്‍ ജീവനക്കാരെ ഓഫീസിലേക്ക് തന്നെ തിരിച്ചു വിളിക്കുകയാണ്. പതിയെ ആരംഭിച്ച ഈ നടപടി നിര്‍ബന്ധിതം എന്ന സാഹചര്യത്തിലേക്ക് മാറിയപ്പോഴാണ് വനിതാ ജീവനക്കാരുള്‍പ്പെടെ രാജി അറിയിച്ചത്. രാജിക്ക് പിന്നില്‍ വ്യക്തിപരമായ മറ്റ് കാരണങ്ങളും ഉണ്ടായേക്കാം എന്നും മിലിന്ദ് പറയുന്നു.

ആറ് ലക്ഷത്തിലധികം ജീവനക്കാരുള്ള സ്ഥാപനമാണ് ടിടിഎസ്. ഇതില്‍ 35 ശതമാനമാണ് സ്ത്രീകള്‍. 2023 സാമ്പത്തിക വര്‍ഷത്തില്‍ 38.1 ശതമാനം വനിതാ ജീവനക്കാരെ കമ്പനി നിലനിര്‍ത്തിയിരുന്നു. കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയിലെ മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വര്‍ക്കം ഫ്രം ഹോം സംസ്‌കാരത്തില്‍ നിന്നും മാറി തുടങ്ങിയതോടെ 20 ശതമാനത്തിലധികം തൊഴിലാളികളെയാണ് കമ്പനിക്ക് നഷ്ടമായത്. ഇതില്‍ ഭൂരിപക്ഷവും വനിതകളാണ്.

വര്‍ക്ക് ഫ്രം ഹോം സംവിധാനം സ്ത്രീകള്‍ക്ക് മേല്‍ വീടുകളിലെ ഉത്തരവാദിത്തം ഇരട്ടിപ്പിച്ചിട്ടുണ്ട്. ഇതില്‍ നിന്നും പുറത്ത് കടക്കുന്നതിലെ പരിമിതികളാവാം രാജി വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. പ്രൊഫഷണല്‍ ജീവിതത്തില്‍ നിന്നും ഇടക്കാല അവധിയെടുത്ത വനിതകളെല്ലാം തന്നെ വര്‍ക്ക് ഫ്രം ഹോം കാലഘട്ടത്തില്‍ ജോലിയിലേക്ക് പുനഃപ്രവേശിച്ചിരുന്നു. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ കാരണവും മറ്റു വ്യക്തിപരമായ കാരണങ്ങളാലും ജോലി ഉപേക്ഷിക്കേണ്ടി വന്നവരായിരുന്നു ഇതില്‍ കൂടുതലും. ഓഫീസുകളിലേയ്ക്ക് മടങ്ങേണ്ടിവരുന്ന സാഹചര്യത്തില്‍ വീട്ടുത്തരവാദിത്തങ്ങള്‍ വീണ്ടും വനിതാ ജീവനക്കാരെ സംബന്ധിച്ച് പ്രശ്‌നമാകുന്നു. ഇതാവും ഇപ്പോഴത്തെ ഈ കൊഴിഞ്ഞു പോക്കിന് കാരണം.

ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം വര്‍ക്ക് ഫ്രംഹോം പിന്തുടരുന്ന കമ്പനികളുണ്ട്. അമേരിക്കയില്‍ അടുത്തിടെ നടത്തിയ സര്‍വ്വേ അനുസരിച്ച് 25 ശതമാനം തൊഴിലാളികളും ഒരിക്കലും ഓഫീസുകളിലേക്ക് മടങ്ങരുതെന്ന് ആഗ്രഹിക്കുന്നവരാണ്. ലോകബാങ്ക് കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ സ്ത്രീ തൊഴില്‍ പങ്കാളിത്തം 24 ശതമാനമാണ്. ചൈനയിലെ 61 ശതമാനം തൊഴില്‍ പങ്കാളിത്തത്തെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. ജനസംഖ്യയില്‍ പകുതിയോളം സ്ത്രീകള്‍ ഉള്‍പ്പെടുന്ന ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് ഈ കണക്കുകള്‍ നിരാശയുണ്ടാക്കുന്നതാണ്.

Advertisement