ക്ഷേത്രത്തിന്റെ രൂപമെന്ന് പരാതി, നൂറ്റാണ്ടുകൾ പഴക്കമുള്ള മുസ്ലിം പള്ളി അടച്ചുപൂ‌ട്ടാൻ ഉത്തരവിട്ട് കലക്ടർ

Advertisement

ഔറംഗബാദ്: മഹാരാഷ്ട്രയിൽ തർക്കത്തിന് പിന്നാലെ പുരാതന മുസ്ലിംപള്ളി അടച്ചു. ജൽഗാവ് ജില്ലയിലെ പള്ളിയാണ് കലക്ടർ അടച്ചുപൂട്ടിയത്. പള്ളിക്ക് ക്ഷേത്രത്തിന്റെ രൂപ സാദൃശ്യമുണ്ടെന്ന് ഒരു വിഭാ​ഗം പരാതിപ്പെട്ടതിനെ തുടർന്നാണ് ന‌ടപടി.

പള്ളി അടച്ചുപൂട്ടിയ കളക്ടറുടെ ഉത്തരവിനെതിരെ ജുമ്മ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിൽ ഹർജി നൽകി. ഹർജി ജൂലൈ 18ന് പരിഗണിക്കുമെന്ന് ട്രസ്റ്റിന്റെ അഭിഭാഷകൻ എസ് എസ് കാസി പറഞ്ഞു. ജൂലൈ 11നാണ് കലക്ടർ പള്ളി അടച്ചുപൂട്ടി ആരാധന നിരോധിച്ച് ഉത്തരവിറക്കിയത്. മുനിസിപ്പൽ കൗൺസിൽ ചീഫ് ഓഫീസർക്ക് പള്ളിയുടെ താക്കോൽ കൈമാറാനും കലക്ടർ നിർദ്ദേശിച്ചു.

ക്രിമിനൽ നടപടി ചട്ടത്തിലെ 144, 145 വകുപ്പുകൾ പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പള്ളി‌യുടെ ഭൂമി തർക്കത്തിൽ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ തുറക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്. മസ്ജിദ് പതിറ്റാണ്ടുകളായി നിലവിലുണ്ടെന്നാണ് ‌ട്രസ്റ്റ് കമ്മിറ്റി പറയുന്നത്. മഹാരാഷ്ട്ര സർക്കാർ മസ്ജിദിനെ ചരിത്ര സ്മാരകമായി പ്രഖ്യാപിക്കുകയും സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

മേയിലാണ് വിവാദത്തിന് തുടക്കം. പാണ്ഡവാഡ സംഘർഷ് സമിതി എന്ന സംഘടനയാണ് പള്ളിക്ക് ക്ഷേത്രത്തിന്റെ രൂപമുണ്ടെന്നും അതിനാൽ പള്ളിയിൽ മുസ്ലീങ്ങളുടെ ആരാധന വിലക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് അപേക്ഷ നൽകിയത്. അനധികൃത നിർമാണം നീക്കം ചെയ്യണമെന്നും നടത്തുന്ന മദ്രസ നിർത്തണമെന്നും സമതി ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ, ജൂൺ 14 ന് കലക്ടർ ട്രസ്റ്റിന് നോട്ടീസ് നൽകുകയും ഹിയറിംഗിനായി ജൂൺ 27 ന് ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ അന്നേ ദിവസം കലക്ടർ തിരക്കിലായതിനാൽ ഹിയറിങ് നടന്നില്ലെന്ന് പള്ളി ട്രസ്റ്റിന്റെ വാദം വിശദീകരിക്കാൻ അവസരം നൽകാതെ അടച്ചുപൂട്ടാൻ കലക്ടർ ഉത്തരവിടുകയുമായിരുന്നെന്ന് ട്രസ്റ്റ് ആരോപിച്ചു. ഉത്തരവ് പ്രകാരം നിലവിൽ രണ്ട് പേർക്ക് മാത്രമേ പള്ളിയിൽ നമസ്‌കരിക്കാൻ അനുവാദമുള്ളൂവെന്നും മറ്റാർക്കും പ്രവേശിക്കാൻ കഴിയില്ലെന്നും കാസി പറഞ്ഞു. കളക്ടറുടെ ഉത്തരവ് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും ട്രസ്റ്റിന്റെ ഭാ​ഗം കേൾക്കാതെ തിടുക്കത്തിൽ ഉത്തരവിറക്കിയെന്നും ഹർജിയിൽ പറയുന്നു.

Advertisement