ഭർത്താവിനൊപ്പം സെൽഫി എടുക്കുന്നതിനിടെ തിരയിൽപ്പെട്ട 27കാരിക്ക് ദാരുണാന്ത്യം; നിലവിളിച്ച് മക്കൾ– വിഡിയോ

Advertisement

മുംബൈ: കടലിലെ പാറക്കെട്ടിലിരുന്ന് ഭർത്താവിനൊപ്പം സെൽഫി എടുക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. ഇരുപത്തിയേഴുകാരിയായ ജ്യോതി സോനാർ ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ ബാന്ദ്ര ഫോർട്ടിൽ ഈ മാസം ഒൻ‍പതിനു സംഭവിച്ച ദുരന്തത്തിന്റെ വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതു സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ജ്യോതിയും ഭർത്താവ് മുകേഷും പാറക്കെട്ടിലിരുന്ന് ചിത്രമെടുക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. പാറക്കെട്ടിലിരുന്ന ഇവരുടെ മേൽ വലിയ തിരയടിച്ചതും നിലതെറ്റി വീഴുകയായിരുന്നു. സംഭവസമയം ഇവരുടെ മൂന്നു മക്കൾ കരയിൽനിന്ന് അലറിവിളിക്കുന്നത് വിഡിയോയിൽ കാണാം. ഇവർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

മുകേഷിനെ പാറക്കെട്ടിൽ നിന്നവരിലൊരാൾ പിടിച്ചു കയറ്റിയെങ്കിലും ജ്യോതിയെ രക്ഷിക്കാനായില്ല. തീരത്തുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. നീണ്ട 20 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ പിറ്റേദിവസമാണ് ജ്യോതിയുടെ മൃതദേഹം കണ്ടെത്തിയത്.

Advertisement