ഒന്നാം ഏകദിനം: ഇന്ത്യൻ വനിതകളെ തകർത്ത് ബംഗ്ലാദേശ്

Advertisement

മിർപുർ: ബംഗ്ലാദേശിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 40 റൺസിന്‍റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 43 ഓവറിൽ 152 റൺസിന് എല്ലാവരും പുറത്തായി. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യൻ വിജയലക്ഷ്യം 44 ഓവറിൽ 154 റൺസായി പുതുക്കി നിശ്ചയിച്ചു. എന്നാൽ, ഇന്ത്യ 35.5 ഓവറിൽ 113 റൺസിന് ഓൾഔട്ടാകുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ പേസ് ബൗളിങ് ഓൾറൗണ്ടർ അമൻജോത് കൗറിന്‍റെ നാലു വിക്കറ്റ് പ്രകടനമാണ് കടപുഴക്കിയത്. ഒമ്പതോവറിൽ രണ്ടെണ്ണം മെയ്ഡനാക്കിയ അമൻജോത് 32 റൺസാണ് വഴങ്ങിയത്. ലെഗ് സ്പിന്നർ ദൈവിക വൈദ്യ രണ്ട് വിക്കറ്റും ഓഫ് സ്പിന്നർ ദീപ്തി ശർമ ഒരു വിക്കറ്റും നേടി.

എന്നാൽ, ചെറിയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചു. ഫോമില്ലാതെ വലയുന്ന സ്റ്റാർ ഓപ്പണർ സ്മൃതി മന്ഥന 11 റൺസിനും, ഷഫാലി വർമയ്ക്കു പകരം ബാറ്റിങ് ഓപ്പൺ ചെയ്ത പ്രിയ പൂനിയ 10 റൺസുമെടുത്ത് പുറത്തായി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും (5) നിലയുറപ്പിക്കാനായില്ല. 20 റൺസെടുത്ത ദീപ്തി ശർമയാണ് ടോപ് സ്കോറർ.

29 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ മാറുഫ അക്തറാണ് പ്ലെയർ ഓഫ് ദ മാച്ച്. റാബിയ ഖാൻ മൂന്ന് വിക്കറ്റും നേടി.