ഭക്തർക്ക് ശല്യം, ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം പാടില്ല; നിരോധനം പ്രഖ്യാപിച്ച് സർക്കാർ

Advertisement

ബെംഗളുരു: ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക്. കർണാടക സർക്കാരാണ് സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ മൊബൈൽ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കുകയും ചെയ്തു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതായി സംസ്ഥാന സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ക്ഷേത്രങ്ങളിലെ മൊബൈൽ ഫോൺ ഉപയോഗം മറ്റ് ഭക്തരെയും ജീവനക്കാരെയും ശല്യപ്പെടുത്തുന്നുവെന്നതാണ് കാരണമായി പറയുന്നത്. എല്ലാ ഭക്തരും ജീവനക്കാരും ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യണമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നേരത്തെ തന്നെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതേ മാതൃകയിലാണ് കർണാടക സർക്കാരും പുതിയ തീരുമാനമെടുത്തത്.

നേരത്തെയും പല തവണ മൊബൈൽ നിരോധന വിഷയം ചർച്ച ചെയ്തിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. എന്നാൽ ഇന്ന് ഔദ്യോഗികമായി വിലക്ക് തീരുമാനം കൈക്കൊള്ളുകയായിരുന്നു കർണാടക സർക്കാർ. ഭക്തരെയും ജീവനക്കാരെയും ക്ഷേത്രത്തിനുള്ളിൽ ഫോൺ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ആർക്കെങ്കിലും മൊബൈൽ കൊണ്ടുപോകണമെങ്കിൽ അവ സ്വിച്ച് ഓഫ് ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.

Advertisement