ബംഗളുരു.2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കും ബിജെപിക്കും ബദലായി ഐക്യനിര കെട്ടിപ്പടുക്കാൻ ചേര്‍ന്ന സംയുക്ത പ്രതിപക്ഷ യോഗം ബെംഗളുരുവിൽ ഇന്നും തുടരും. 26 പാർട്ടികളിൽ നിന്നായി 49 നേതാക്കളാണ് യോഗത്തിന് എത്തിച്ചേർന്നിട്ടുള്ളത്. ബിജെപിയെ വീഴ്ത്തി കോൺഗ്രസ് മികച്ച ജയം നേടിയ കർണാടകയില്‍ പുതിയ തുടക്കമെന്ന ആത്മവിശ്വാസമാണ് പ്രതിപക്ഷ നേതാക്കളിൽ പലരും പ്രകടിപ്പിക്കുന്നത്.
പ്രധാനമായും മൂന്ന് അജണ്ടകളാണ് ഇന്നത്തെ പ്രതിപക്ഷ യോഗത്തിനുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യനിര സ്വീകരിക്കണ്ട പൊതുമിനിമം പരിപാടിയും നയങ്ങളുമാണ് ആദ്യ അജണ്ട. പ്രതിപക്ഷ ഐക്യനിരയ്ക്ക് ഒരു പേര് നൽകണോ വേണ്ടയോ എന്നതാണ് രണ്ടാം അജണ്ട. ചെയർപേഴ്സണോ കൺവീനറോ വേണോ എന്നും ചർച്ചയിലുണ്ട്. അതേസമയം വിവിധ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജന ഫോർമുല. വിലക്കയറ്റം, തൊഴിലില്ലായ്മ, ഏകസിവിൽ കോഡ്, മണിപ്പൂർ വിഷയം എന്നിവയടക്കം പ്രചാരണ വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും.