അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന വിധി സ്‌റ്റേ ചെയ്യണം, രാഹുല്‍ സുപ്രിംകോടതിയില്‍

Advertisement

ന്യൂഡെല്‍ഹി.അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന വിധി സ്‌റ്റേ ചെയ്യണമെന്ന ഹർജ്ജി അടിയന്തിരമായ് പരിഗണിയ്ക്കണമെന്ന് ആവശ്യപ്പെട്ട്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽഗാന്ധി. ആവശ്യം ഇന്ന് രാവിലെ രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ ചിഫ് ജസ്റ്റിസിന് മുൻപാകെ ഉന്നയിക്കും. സുപ്രീംകോടതിയിൽ. വിചാരണക്കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത്‌ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ്‌ രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്‌.‘എല്ലാ കള്ളൻമാർക്കും മോദിയെന്ന്‌ പേര്‌ വന്നതെങ്ങനെ?’–- എന്ന രാഹുലിന്റെ പരാമർശം മോദിസമുദായത്തെ മുഴുവൻ അപകീർത്തിപ്പെടുത്തുന്നതാണെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ സൂറത്ത്‌ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ രണ്ടുവർഷം തടവിന്‌ ശിക്ഷിച്ചത്‌. ക്രിമിനൽക്കേസിൽ ശിക്ഷിക്കപ്പെട്ടതിന്‌ പിന്നാലെ രാഹുലിനെ എംപി സ്ഥാനത്ത്‌ നിന്നും അയോഗ്യനാക്കി.വിചാരണക്കോടതി വിധിക്ക്‌ എതിരെ രാഹുൽ ഹൈക്കോടതിയെ സമീപിച്ചു.

എന്നാൽ, വിചാരണക്കോടതി നിയമപരമായി ശരിയാണെന്ന്‌ നിരീക്ഷിച്ച്‌ ഗുജറാത്ത്‌ ഹൈക്കോടതി രാഹുലിന്റെ ഹർജി തള്ളി. ഈ സാഹചര്യത്തിലാണ്‌ അവസാനത്തെ നിയമസാധ്യതയെന്ന നിലയിൽ രാഹുൽ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്‌. ഒരു സമുദായത്തെയും മനഃപൂർവ്വം അപകീർത്തിപ്പെടുത്തുക തന്റെ ലക്ഷ്യമായിരുന്നില്ലെന്ന്‌ രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ‘മോദി’ എന്നാൽ കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന വിഭാഗമാണോയെന്ന വസ്‌തുത പരിശോധിക്കണമെന്ന ആവശ്യവും രാഹുൽ ഉന്നയിച്ചിട്ടുണ്ട്‌. കുറ്റക്കാരനാണെന്ന വിധിയും ശിക്ഷയും സുപ്രീംകോടതി സ്‌റ്റേ ചെയ്‌താൽ മാത്രമേ രാഹുലിന്‌ എംപി സ്ഥാനം തിരിച്ചുകിട്ടുകയുള്ളു.

Advertisement