ന്യൂ ഡെൽഹി : ജനപ്രതിനിധികൾ അയോഗ്യരാകാതിരിക്കാൻ ശിക്ഷാവിധി നടപ്പാക്കുന്നത് തടയാമെന്ന് സുപ്രിം കോടതി. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷാവിധി സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജ്വൽ ഭുയൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് പരാമർശം.
ലക്ഷദ്വീപ് എംപിയായ മുഹമ്മദ് ഫൈസലിനെ വധശ്രമക്കേസിൽ കവറത്തി സെഷൻസ് കോടതി നേരത്തെ 10 വർഷം തടവിന് ശിക്ഷിച്ചു. ഇതോടെയാണ് മുഹമ്മദ് ഫൈസൽ ലോക്സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനായി. കവറത്തി സെഷൻസ് കോടതി വിധിക്കെതിരെ ഫൈസൽ കേരള ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ഹൈക്കോടതി ശിക്ഷാവിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. ഇത് ചോദ്യം ചെയ്താണ് കേസിലെ പരാതിക്കാരനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും സുപ്രിം കോടതിയെ സമീപിച്ചത്.