ബംഗ്ലൂരു: അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രി പദവി കോൺഗ്രസിന്റെ ലക്ഷ്യമല്ലെന്നും അതിൽ താൽപര്യമില്ലെന്നും പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ യോഗത്തിൽ വ്യക്തമാക്കി. നമ്മൾ 26 കക്ഷികളാണ്. 11 സംസ്ഥാനങ്ങളിൽ അധികാരവുമുണ്ടെന്നും ഖാർഗെ പറഞ്ഞു. യുപിഎ അധ്യക്ഷയായ സോണിയ ഗാന്ധിയെ തന്നെ പ്രതിപക്ഷ സഖ്യത്തിന്റെ അധ്യക്ഷയായി തിരഞ്ഞെടുക്കുമെന്നാണ് സൂചന. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആയിരിക്കും കൺവീനർ.
സോണിയ ഗാന്ധി, മല്ലികാർജുന ഖാർഗെ, രാഹുൽഗാന്ധി, നിതീഷ് കുമാർ, അരവിന്ദ് കെജ്രിവാൾ, ഹേമന്ത് സോറൻ, മമത ബാനർജി, ലാലു പ്രസാദ് യാദവ് തുടങ്ങിയവർ രണ്ട് ദിവസത്തെ സമ്മേളനത്തിൽ മുഖ്യ പങ്കാളികളാണ്. പിളർപ്പിനെ തുടർന്ന് പ്രതിസന്ധിയിലായ എൻസിപി അധ്യക്ഷൻ ശരത് പവാർ നാളെ സമ്മേളനത്തിനെത്തും.
അതേസമയം, പ്രതിപക്ഷ കൂട്ടായ്മയെ പരിഹസിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. അഴിമതിക്കാരുടെ കൂട്ടായ്മ ആണെന്നും ഓരോരുത്തരുടെയും അഴിമതികൾ പുറത്തുവരുമ്പോൾ പരസ്പരം മൂടിവയ്ക്കാനാണ് ഈ കൂട്ടായ്മയെന്നും മോദി പരിഹസിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപിൽ വീർ സവർക്കർ രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി.