സീമയുടെ സഹോദരനും അമ്മാവനും പാക് സേനാംഗങ്ങളെന്ന് ഭർത്താവ്

Advertisement

ന്യൂഡൽഹി: പബ്ജിയിലൂടെ പരിചയപ്പെട്ട ഇന്ത്യൻ കാമുകനെ തേടി മക്കളുമായി അനധികൃതമായി രാജ്യത്തേക്ക് എത്തിയ പാക് വനിതയുടെ സഹോദരനും ബന്ധുവും പാക് സേനാംഗങ്ങളെന്ന് ഭർത്താവ്. മൊബൈൽ ​ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെടുകയും വളരുകയും ചെയ്ത പ്രണയം സാക്ഷാത്കരിക്കാൻ ഭർത്താവിനെയും വീട്ടുകാരെയും ഉപേക്ഷിച്ച് 1500ലേറെ കിലോമീറ്ററുകൾ സഞ്ചരിച്ച് ഇന്ത്യയിലെത്തിയ സീമ പബ്ജി എന്ന ഓൺലൈൻ ഗെയിം വഴി ഇന്ത്യയിലെ മറ്റ് നിരവധി ആളുകളുമായി ബന്ധപ്പെട്ടിരുന്നതായി ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) വൃത്തങ്ങൾ വ്യക്തമാക്കിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

സച്ചിൻ മീണയ്ക്കൊപ്പം താമസിക്കുന്ന സീമ ഹൈദറിനെ യുപി പൊലീസ് എടിഎസ് ചോദ്യം ചെയ്യുന്നതിനിടയിലാണ് ഭർത്താവ് ഗുലാം ഹൈദറിൻറെ പ്രതികരണം എത്തുന്നത്. ഇന്ത്യാ ടുഡേയോടാണ് ഭർത്താവ് പ്രതികരിച്ചിട്ടുള്ളത്. പൊലീസ് ചോദ്യം ചെയ്യലിനിടയിൽ സഹോദരൻ പാക് സേനയിലുള്ളതായും എന്നാൽ നിലവിൽ സേനയിലുണ്ടോയെന്ന് അറിവില്ലെന്നുമായിരുന്നു സീമ പ്രതികരിച്ചത്. എന്നാൽ സീമ ഹൈദറിൻറെ സഹോദരൻ ആസിഫ് ഇപ്പോഴും സേനയിലുണ്ടെന്നും അമ്മാവനായ ഗുലാം അക്ബറും പാക് സേനാംഗമാണെന്നും ഗുലാം ഹൈദർ സ്ഥിരീകരിക്കുന്നു. കറാച്ചിയിലാണ് സീമയുടെ സഹോദരൻ നിയമിതനായിട്ടുള്ളതെന്നും ഗുലാം ഹൈദർ പറയുന്നു. സീമയുടെ അമ്മാവൻ പാക് സേനയിലെ ഉയർന്ന പദവിയിലാണെന്നും ഗുലാം ഹൈദർ കൂട്ടിച്ചേർക്കുന്നു.

സീമയുടെ തിരിച്ചറിയൽ രേഖ വിതരണം ചെയ്ത സമയവും പൊലീസിനെ സംശയത്തിന് ബലം നൽകുന്നുണ്ട്. ജനന സമയത്ത് ലഭ്യമാകുന്ന തിരിച്ചറിയിൽ രേഖ സീമയ്ക്ക് നൽകിയിരിക്കുന്ന തിയതി 2022 സെപ്തംബർ 20നാണ്. പാക് തിരിച്ചറിയൽ കാർഡ് ലഭിക്കാനുണ്ടായ കാലതാമസവും ഉത്തര് പ്രദേശ് എടിഎസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ സച്ചിൻ മീണയെന്ന കാമുകനൊപ്പമാണ് സീമ ഹൈദറും മക്കളും താമസിക്കുന്നത്.

നേപ്പാൾ വഴി മെയ് മാസത്തിലാണ് സീമ സച്ചിനൊപ്പം താമസിക്കാനായി എത്തിയത്. 2019ൽ പബ്ജി ഗെയിമിലൂടെയാണ് ഇവർ പരിചയപ്പെടുന്നത്. ജൂലൈ 4ന് സീമ ഹൈദറിനെ പ്രാദേശിക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനധികൃതമായി രാജ്യത്തേക്ക് കടന്നതിനായിരുന്നു അറസ്റ്റ്. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ സഹായിച്ചതിന് സച്ചിൻ മീണയും അറസ്റ്റിലായിരുന്നു. എന്നാൽ ജൂലൈ 7 കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു.

സീമയെ തിരിച്ച് അയക്കണമെന്ന് പാകിസ്ഥാനിലുള്ള ഭർത്താവ് കഴിഞ്ഞ ദിവസം ആവശ്യപ്പട്ടിരുന്നു ഇപ്പോഴും പഴയ പോലെ തന്നെ സ്നേഹിക്കുന്നുണ്ടെന്നും അത് എക്കാലവും തുടരുമെന്നും സീമയുടെ ഭർത്താവ് ഗുലാം ഹൈദർ പറയുന്നു. ദയവായി തിരികെ വരൂ എന്നാണ് ​ഗുലാമിന്റെ അഭ്യർത്ഥന. നേരത്തെ, തൻറെ ഭാര്യ സീമ ഹൈദറിനെയും കുട്ടികളെയും തിരികെ അയക്കണമെന്ന് ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ​ഗുലാം അഭ്യർത്ഥിച്ചിരുന്നു.