പ്രായമായ അച്ഛനമ്മമാരെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി; വീടു പുറത്തുനിന്നു പൂട്ടി; മകൻ ഒളിവിൽ

Advertisement

ബെംഗളൂരു: ബെംഗളൂരുവിലെ കൊടിഗെഹള്ളിയിൽ വയോധികരായ അച്ഛനമ്മാരെ കൊലപ്പെടുത്തിയ യുവാവ് ഒളിവിൽ. തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിനു പിന്നാലെ യുവാവ് വീട് പുറത്തുനിന്ന് പൂട്ടിയിട്ടാണ് ഒളിവിൽ പോയതെന്ന് നോർത്ത് ഈസ്റ്റ് ബെംഗളൂരു ഡിസിപി ബി.എം. ലക്ഷ്മി പ്രസാദ് പറഞ്ഞു.

സംഭവത്തിൽ കൊടിഗെഹള്ളി സ്വദേശിയായ ശരത് (27) ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനായുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ അച്ഛനമ്മരായ ഭാസ്കർ (61), ശാന്ത (60) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂർച്ചയില്ലാത്ത ആയുധംകൊണ്ട് തലയ്ക്ക് അടിച്ചാണ് ഇവരെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി ഇവരുടെ വീട്ടിൽനിന്ന് നിലവിളി കേട്ടിരുന്നെങ്കിലും സ്ഥിരമായി നടക്കുന്ന വഴക്കാണെന്ന ധാരണയിൽ അയൽക്കാർ പുറത്തിറങ്ങിയില്ല.

തുടർച്ചയായി വിളിച്ചിട്ടും ഫോൺ എടുക്കാത്തതിൽ സംശയം തോന്നിയ ശരത്തിന്റെ ജ്യേഷ്ഠൻ സജിത്ത് വീട്ടിലേക്ക് വരികയും പൂട്ട് തകർത്ത് അകത്തു കടക്കുകയും ചെയ്തു. ഇരുവരുടെയും മരണവിവരം പൊലീസിനെ അറിയിച്ചത് സജിത്താണ്. മരിച്ച ശാന്ത സർക്കാർ സർവീസിൽനിന്ന് വിരമിച്ചയാളാണ്. സർക്കാർ സ്ഥാപനമായ ഖനിജ ഭവനിലെ കാന്റീനിൽ കാഷ്യറായിരുന്നു ഭാസ്കർ. ദക്ഷിണ കന്നടയിലെ ഉല്ലാലിൽനിന്ന് ഇവർ 12 വർഷം മുൻപ് ബെംഗളൂരുവിലേക്ക് കുടിയേറിയതാണ്. ശരത്തും മാതാപിതാക്കളും തമ്മിൽ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.