ഓഫീസിലെത്താന്‍ വൈകിയതെന്തേയെന്ന് ബോസ്, ജീവനക്കാരന്‍റെ മറുപടി ഏറ്റെടുത്ത് നെറ്റിസണ്‍സ് !

Advertisement

ട്രാഫിക് ബ്ലോക്ക് അടക്കമുള്ള പല പ്രശ്നങ്ങള്‍ കാരണം സയമത്തിന് ഓഫീസിലെത്താന്‍ കഴിയാത്തവരാകും പലരും. വൈകിയെത്തുന്നതിനേക്കാള്‍ പ്രശ്നം, ഇത്തരം സന്ദര്‍ഭങ്ങളില്‍ ബോസിന് മുന്നില്‍ പെടുന്നതാണ്. പലപ്പോഴും ജീവനക്കാര്‍ ഈ സഹാചര്യത്തിലൂടെ കടന്നു പോവുകയും ഒഴിവ് കഴിവായി അപ്പോള്‍ തോന്നുന്ന യുക്തിയില്‍ പ്രതികരിക്കുകയും ചെയ്യുന്നതും പതിവാണ്. എന്നാല്‍, ജയ്പൂർ വിദ്യുത് വിത്രൻ നിഗം ലിമിറ്റഡിലെ കൊമേഴ്‌സ്യൽ അസിസ്റ്റന്‍റായ അജിത് സിംഗ്, ഓഫീസില്‍ വൈകിയെത്തിയതിന് കാരണം കാണിക്കാന്‍ ആവശ്യപ്പട്ട മേല്‍ ഉദ്യോഗസ്ഥന് നല്‍കിയ മറുപടി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

ജൂലൈ 14 ന് കോട്ട സോണിലെ ചീഫ് എഞ്ചിനീയർ ജി.എസ്.ബൈർവ, ജയ്പൂർ വിദ്യുത് വിത്രൻ നിഗം ലിമിറ്റഡിന്‍റെ ഓഫീസിലെ അക്കൗണ്ട്സ് വിഭാഗത്തില്‍ അപ്രതീക്ഷിത പരിശോധന നടത്തിയപ്പോള്‍ കൊമേഴ്‌സ്യൽ അസിസ്റ്റന്‍റായ അജിത് സിംഗ് അദ്ദേഹത്തിന്‍റെ കസേരയില്‍ ഇല്ലായിരുന്നു. ഹാജർ രജിസ്റ്ററിൽ അദ്ദേഹം ഒപ്പം രേഖപ്പെടുത്തിയിട്ടില്ലെന്നും ജി.എസ്.ബൈർവ കണ്ടെത്തി. തുടര്‍ന്ന് ജി.എസ്.ബൈർവ ഓഫീസില്‍ വൈകിയെത്തുന്നതിന് കാരണം കാണിക്കാനാവശ്യപ്പെട്ട് അജിത് സിംഗിന് കത്ത് നല്‍കി. ബര്‍വ നല്‍കിയ നോട്ടീസ് ഇങ്ങനെയായിരുന്നു. ‘“14.07.2023 ന് രാവിലെ 09:45 ന് നിങ്ങളുടെ ഓഫീസിൽ പരിശോധന നടത്തി. മേല്‍ സൂചിപ്പിച്ച തീയതിയിലും സമയത്തും, നിങ്ങളുടെ ഒപ്പ് ഓഫീസിലെ ഹാജർ രജിസ്റ്ററിൽ ഇല്ലെന്ന് കണ്ടെത്തി. ഇത് നിങ്ങളുടെ അഭാവം സൂചിപ്പിക്കുന്നു. ദയവായി കാരണം വ്യക്തമാക്കൂ.”

അജിത് സിംഗ്, ഹിന്ദിയിലായിരുന്നു മറുപടി നല്‍കിയത്. അത് ഇങ്ങനെയായിരുന്നു. ‘നിങ്ങൾ ഒരിക്കലും ഓഫീസില്‍ കൃത്യസമയത്ത് എത്താറില്ല. അതുകൊണ്ട് ഞാനും വരാറില്ല.’ മേലുദ്യോഗസ്ഥന്‍റെ വായടപ്പിക്കുന്ന സിംഗിന്‍റെ മറുപടി കത്തിന്‍റെ ചിത്രം സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നെറ്റിസണ്‍സ് ആവേശപൂര്‍വ്വം ഏറ്റെടുത്തു. വിമുക്തഭടന്മാരുടെ ക്വാട്ടയിലാണ് നാല് വര്‍ഷം മുമ്പ് അജിത് സിംഗ് വൈദ്യുതി വകുപ്പിൽ ജോലിക്ക് കയറിയത്. ‘സമാനമായ നോട്ടീസ് ഓഫീസിലെ നിരവധി ജീവനക്കാർക്കും ലഭിച്ചിട്ടുണ്ടെന്നും തനിക്ക് ലഭിച്ച നോട്ടീസിന് സ്വന്തം യുക്തിക്കനുസരിച്ച് മറുപടി നല്‍കുന്നതാണ് ഉചിതമെന്ന് തോന്നിയതായും അതിനാലാണ് അങ്ങനെ മറുപടി നല്‍കിയതെന്നും’ അജിത് സിംഗ് ഇന്ത്യാ ടുഡോയോട് പറഞ്ഞു.

Advertisement