ന്യൂഡൽഹി: ജിംനേഷ്യത്തിലെ ട്രെഡ് മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ 24കാരൻ ഷോക്കടിച്ച് മരിച്ചു. നോർത്ത് വെസ്റ്റ് ഡൽഹിയിലെ രോഹിണി സെക്ടർ 15ലെ ജിംനേഷ്യത്തിലെ ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് സാക്ഷൻ പൃതി എന്ന യുവാവ് ഷോക്കടിച്ച് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
സംഭവത്തിൽ ജിംനേഷ്യം മാനേജർക്കെതിരെയും ഉടമക്കെതിരെയും കേസെടുത്ത പൊലീസ് മാനേജരെ കസ്റ്റഡിയിലെടുത്തു. ജിംനേഷ്യത്തിലെ ഉപകരണങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിനും മന:പൂർവമല്ലാത്ത നരഹത്യാ കുറ്റത്തിനുമാണ് ജിംനേഷ്യം ഉടമയ്ക്കും മാനേജർക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ ജിംനേഷ്യത്തിലെത്തിയ യുവാവ് ഏഴരയോടെയാണ് ട്രെഡ് മില്ലിൽ ഓടാനായി കയറിയത്. കയറിയ ഉടനെ ഷോക്കേറ്റ് വീണ യുവാവിനെ ഉടൻ സമീപത്തുള്ള ബി എസ് എആശുപത്രിയിൽ എത്തിച്ചിരുന്നു.ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്നാണ് പൊലീസെത്തി കേസെടുത്തത്. അബോധാവസ്ഥയിലാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചതെന്ന് അധികൃതർ പൊലീസിനോട് പറഞ്ഞു.
വ്യായാമത്തിനിടെയാണോ ട്രെഡ് മില്ലിൽ കയറിയ ഉടനെയാണോ ഷോക്കടിച്ചതെന്ന് വ്യക്തമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വൈദ്യുതാഘാതമാണ് മരണ കാരണമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഉടമക്കും ജിംനേഷ്യം മാനേജർ അനുഭവ് ദുഗ്ഗാൽ എന്ന വ്യക്തിക്കുമെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഷോക്കടിച്ച് മരിച്ച സാക്ഷം ഗുഡ്ഗാവിലാണ് ജോലി ചെയ്തിരുന്നത്.