ന്യൂഡെല്‍ഹി.പാർലമെന്റ് നടപടികൾ മണിപ്പൂർ വിഷയത്തിൽ ഇന്നും പ്രക്ഷുബ്ദമാകും. മണിപ്പൂർ സാഹചര്യങ്ങൾ സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്കിയിട്ടുണ്ട്.
ഇരു സഭകളും ഇന്ന് സമ്മേളിയ്ക്കുമ്പോൾ ഇക്കാര്യം കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ആവശ്യപ്പെടും. പ്രധാനമന്ത്രി സഭയിൽ പ്രസ്താവന നടത്തണം എന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കും. അതേസമയം അടിയന്തിരപ്രമേയമായ് വിഷയം സഭ പരിഗണിക്കേണ്ട സാഹചര്യം ഇല്ലെന്നും പ്രധാന പ്രതിയെ അടക്കം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആണ് സർക്കാർ നിലപാട്.
അതേസമയം മണിപ്പൂർ വിഷയം ഇന്നും സുപ്രിം കോടതി പരിഗണിയ്ക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് സോമി സ്റ്റുഡന്‍സ് ഫെഡറേഷന്‍ മണിപ്പൂർ സർക്കാരിനെതിരെ നല്കിയ ഹർജ്ജിയാണ് പരിഗണിയ്ക്കുക. മണിപ്പൂരിൽ രണ്ടു യുവതികളെ ഒരു സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി പട്ടാപകൽ റോഡിലൂടെ നഗ്നരായി നടത്തിയ സംഭവത്തിൽ ഇന്നലെ ശക്തമായ നിലപാട് സുപ്രിം കോടതി സ്വീകരിച്ചിരുന്നു. ദൃശ്യങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സർക്കാർ നടപടിയെടുക്കണമെന്നും അടക്കമായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബൻചിന്റെ നിർദ്ദേശം. മണിപ്പൂർ കലാപത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്നലെ രംഗത്തെത്തി. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് രാജ്യത്തിന് ഉറപ്പ് നൽകുകയാണെന്നും മണിപ്പൂരിന്‍റെ പെൺമക്കൾക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കില്ലെന്നും ആയിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.