ലഖ്നൗ.ഉത്തർപ്രദേശിൽ ദുരഭിമാനക്കൊല. സഹോദരിയെ സഹോദരൻ കഴുത്തറുത്ത് കൊന്നു.
ഉത്തര്‍പ്രദേശിലെ നാടിനെ നടുക്കി ദുരഭിമാനക്കൊല. ബാരബാങ്കിയില്‍ സഹോദരിയെ കൊലപ്പെടുത്തി വെട്ടിയെടുത്ത തലയുമായി യുവാവ് പോലീസ് സ്റ്റേഷനില്‍ ഹാജരായി.
യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. സഹോദരിയുടെ പ്രണയബന്ധത്തെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ബാരബാങ്കിയിലെ ഫത്തേപുര്‍ മിത്വാരയില്‍ താമസിക്കുന്ന റിയാസ് (22) ആണ് സഹോദരി ആഷിഫ (18)യെ കൊലപ്പെടുത്തിയത്. മൂര്‍ച്ഛയേറിയ കത്തികൊണ്ട് സഹോദരിയുടെ കഴുത്തറുത്തുവെന്നും റിയാസ് പോലീസിനെ അറിയിച്ചു.
കുറച്ചുനാള്‍ മുന്‍പ് ചന്ദ്ബാബു എന്ന യുവാവിനൊപ്പം ആസിഫ ഒളിച്ചോടിയിരുന്നു. ആസിഫയുടെ കുടുംബത്തിന്റെ പരാതിയില്‍ ഇവരെ കണ്ടെത്തിയ പോലീസ് ചന്ദ് ബാബുവിനെ ജയിലടയ്ക്കുകയും ചെയ്തിരുന്നു.
സഹോദരിയുടെ ബന്ധത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസവും വഴക്കുണ്ടാകുകയും റിയാസ് സഹോദരിയെ കൊലപ്പെടുത്തി കഴുത്തറുക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. മൃതദേഹം പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ തെളിവുകള്‍ ലഭിക്കൂവെന്ന് പോലീസ് വ്യക്തമാക്കി.