ന്യൂഡൽഹി: 2023ൽ രാജ്യത്തെ മുസ്ലീങ്ങളുടെ ജനസംഖ്യ എത്രയാകുമെന്ന് പാർലമെന്റിൽ ചോദ്യം. തൃണമൂൽ കോൺഗ്രസ് എംപി മാലാ റോയിയാണ് മന്ത്രി സ്മൃതി ഇറാനിയോട് ഇക്കാര്യം ചോദിച്ചത്.
2023ൽ രാജ്യത്തെ മുസ്ലീങ്ങളുടെ ജനസംഖ്യ 19.7 കോടിയാകുമെന്ന് മന്ത്രി പാർലമെന്റിനെ അറിയിച്ചു. 2011-ലെ സെൻസസ് പ്രകാരം മൊത്തം ജനസംഖ്യയുടെ 14.2% മുസ്ലീങ്ങളാണെന്നും 2023-ൽ അവരുടെ ജനസംഖ്യാ വിഹിതം അങ്ങനെ തന്നെയായിരിക്കുമെന്നും ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. 2011ലെ സെൻസസ് പ്രകാരം മുസ്ലീം ജനസംഖ്യ 17.2 കോടിയാണ്. 2020 ജൂലൈയിലെ ജനസംഖ്യാ പ്രവചനങ്ങളെക്കുറിച്ചുള്ള സാങ്കേതിക ഗ്രൂപ്പിന്റെ റിപ്പോർട്ട് അനുസരിച്ച്, 2023ൽ രാജ്യത്തെ ജനസംഖ്യ 138.8 കോടി കടക്കും.
ഈ റിപ്പോർട്ട് അനുസരിച്ച് 2011ലെ സെൻസസിൽ ഉണ്ടായിരുന്ന അതേ അനുപാതമായ 14.2% ശതമാനം പ്രാതിനിധ്യം പരിഗണിച്ചാൽ 2023 ൽ മുസ്ലീങ്ങളുടെ ജനസംഖ്യ 19.7 കോടി ആയി ഉയരുമെന്ന് സ്മൃതി ഇറാനി പറഞ്ഞു. രാജ്യത്തെ മുസ്ലിം വിഭാഗത്തിന്റെ സാക്ഷരതാ നിരക്ക്, തൊഴിൽ പങ്കാളിത്തം, വെള്ളം, ശൗചാലയം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും മന്ത്രി വിവരിച്ചു. അതേസമയം, പാസ്മണ്ട മുസ്ലീങ്ങളുമായി ബന്ധപ്പെട്ട ജനസംഖ്യാ വിവരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മറുപടി നൽകിയില്ല.
രാജ്യത്തെ മുസ്ലീം ജനസംഖ്യ, പാസ്മണ്ട മുസ്ലീമിനെക്കുറിച്ചുള്ള ജനസംഖ്യാ കണക്കുകൾ, രാജ്യത്തെ പാസ്മണ്ട മുസ്ലീങ്ങളുടെ സാമൂഹിക-സാമ്പത്തിക നില എന്നീ വിവരങ്ങളാണ് എംപി ചോദിച്ചത്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (MoSPI) നടത്തിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) 2021-22 പ്രകാരം ഏഴ് മുതൽ പ്രായമുള്ള മുസ്‌ലീങ്ങളുടെ സാക്ഷരതാ നിരക്ക് 77.7 ശതമാനവും തൊഴിൽ പങ്കാളിത്ത നിരക്ക് 77.7 ശതമാനവുമാണെന്ന് മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട കുടിവെള്ള സ്രോതസ് 94.9 ശതമാനം മുസ്ലീം വിഭാഗത്തിനും ലഭ്യമാണ്. മെച്ചപ്പെട്ട ടോയ്‌ലറ്റ് സൗകര്യം ലഭ്യമാകുന്നവർ 97.2ശതമാനമാണെന്നും 2014 മാർച്ച് 31 ന് ശേഷം ആദ്യമായി പുതിയ വീടോ ഫ്‌ളാറ്റോ വാങ്ങിയ/നിർമിച്ച മുസ്ലീം കുടുംബങ്ങൾ 50.2 ശതമാനമാണെന്നും മന്ത്രി വിശദീകരിച്ചു.