മൊബൈല്‍ ടവറില്‍നിന്നുള്ള റേഡിയേഷന്‍ കാന്‍സറിനു കാരണമാവുമെന്നുമുള്ള വാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നും അതിനാല്‍ ടവര്‍ സ്ഥാപിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്താനാവില്ലെന്നും ബോംബെ ഹൈക്കോടതി. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഗ്രാമ പഞ്ചായത്തിന്റെ പ്രമേയം തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എസ്ബി ശുക്രയുടെയും രാജേഷ് പാട്ടീലിന്റെയും വിധി.
നിര്‍മാണം വിലക്കിയ ചിഖല്‍ഹോല്‍ പഞ്ചായത്തിന്റെ നടപടിക്കെതിരെ ഇന്‍ഡസ് ടവേഴ്സ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. 2022 ജൂലൈയിലാണ് നിര്‍മാണം വിലക്കി പഞ്ചായത്ത് പ്രമേയം പാസാക്കിയത്. മൊബൈല്‍ ടവര്‍ വരുന്നത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും കാന്‍സറിനു കാരണമാവുമെന്നും ചൂണ്ടിക്കാട്ടി ഏതാനും പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.