ഉരുൾപൊട്ടൽ: ‘മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ മുഖ്യമന്ത്രി ദത്തെടുക്കും

Advertisement

മുംബൈ∙ റായ്ഗഡ് ജില്ലയിലെ ഇർഷാൽവാദി ഗ്രാമത്തിലുണ്ടായ ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ദത്തെടുക്കുമെന്നു ശിവസേന.

‘‘ഇർഷാൽവാദി ഗ്രാമത്തിൽ നിരവധി കുട്ടികൾക്കാണ് ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടമായത്. ഇത്തരം കുട്ടികളെ ദത്തെടുക്കുമെന്നും അവരുടെ രക്ഷാധികാരി ആകുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ശ്രീകാന്ത് ഷിൻഡെ ഫൗണ്ടേഷൻ രണ്ട് മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ ചുമതല ഏറ്റെടുക്കും’’– ശിവസേന വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മകനാണ് ശ്രീകാന്ത് ഷിൻഡെ ഫൗണ്ടേഷൻ നടത്തുന്നത്. കുട്ടികളുടെ പഠനച്ചെലവിനായി ഓരോ കുട്ടിയുടെയും പേരിൽ ഫിക്സ്ഡ് ഡിപ്പോസിറ്റ് ഇടുമെന്നും ഏക്നാഥ് ഷിൻ‍ഡെയുടെ ഓഫിസ് വ്യക്തമാക്കി.

അതിനിടെ ഇർഷാൽവാദി ഗ്രാമത്തിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ 22 ആയി ഉയർന്നു. മുഖ്യമന്ത്രി വ്യാഴാഴ്ച ദുരന്തമേഖല സന്ദർശിക്കുകയും രക്ഷാപ്രവർത്തനം വിലയിരുത്തുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ സഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്.