ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം, രാഷ്ട്രീയക്കാരിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്; മൃതദേഹത്തിന് കാവല്‍

Advertisement

ജോധ്പൂർ: രാഷ്ട്രീയക്കാരിയായ ഭാര്യയെ കല്ലുകൊണ്ടടിച്ച് ഭർത്താവ് കൊലപ്പെടുത്തി. രാജസ്ഥാനി മാതാ കാ തന്നിലാണ് സംഭവം.

രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുടെ മഹിൾ മോർച്ചയുടെ മുൻ പ്രസിഡന്റ് സുമനാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് രമേഷ് ബെനിവാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം ഭാര്യയുടെ മൃതദേഹത്തിനരികെ രാത്രി മുഴുവൻ വാതിൽ അകത്ത് നിന്ന് പൂട്ടി ഇയാൾ കാവലിരുന്നു. ബന്ധുക്കള്‍ വാതില്‍ത്തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും. ഒടുവില്‍ പൊലീസെത്തിയതോടെയാണ് വാതിൽ തുറന്ന് കീഴടങ്ങിയത്. 15 വർഷം മുമ്പ് വിവാഹിതരായ ബെനിവാളും ഭാര്യ സുമനും ഒരു വർഷം മുമ്പാണ് പുതിയ വീട്ടിലേക്ക് താമസം മാറിയതെന്ന് പൊലീസ് പറഞ്ഞു. മക്കൾ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയാണ്.

വെള്ളിയാഴ്‌ച രാത്രിയാണ് കൊലപാതകം നടന്നത്. ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തർക്കമുണ്ടാകുകയായിരുന്നു. തുടർന്ന് രമേഷ് ഭാര്യയുടെ തല കല്ലുകൊണ്ട് അടിച്ചെന്നും ഡിസിപി (ഈസ്റ്റ്) അമൃത ദുഹാൻ പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയെന്ന് ബെനിവാൾ ഭാര്യാസഹോദരനെയും ജോധ്പൂരിലെ ബന്ധുക്കളെയും വിവരമറിയിച്ചു. ഭാര്യാസഹോദരൻ ഉൾപ്പെടെ എല്ലാവരും സംഭവസ്ഥലത്തേക്ക് എത്തിയെങ്കിലും ഇയാൾ വാതിൽ തുറക്കാൻ തയ്യാറായില്ല. ഒടുവിൽ പൊലീസ് എത്തിയപ്പോഴാണ് വാതിൽ തുറന്നത്.

പ്രതി ഭാര്യയുടെ മൃതദേഹത്തിന് അരികിൽ ഇരിക്കുകയായിരുന്നു. സുമനെ കൊല്ലാൻ ഉപയോഗിച്ച കല്ല് കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു. തടി ബിസിനസുകാരനായിരുന്നു രമേഷ്. രണ്ടോ മൂന്നോ മാസത്തിലൊരിക്കലേ വീട്ടിൽ വരികയുള്ളൂ. നേരത്തെ പെട്രോൾ പമ്പിൽ ജോലി ചെയ്തിരുന്ന സുമൻ പിന്നീട് ആർഎൽപിയിൽ ചേർന്നുവെന്നും രാഷ്ട്രീയത്തിൽ സജീവമായെന്നും പൊലീസ് പറഞ്ഞു. ഭാര്യ രാഷ്ട്രീയത്തിൽ സജീവമായത് രമേഷിന് അതൃപ്തിയുണ്ടായിരുന്നു. ഇരുവരും നിരന്തരം വഴക്കുകൂടിയിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.