ബൈക്ക് ടാക്സി ഡ്രൈവര്‍ യാത്രയ്ക്കിടെ സ്വയംഭോഗം ചെയ്തെന്ന് യുവതി, പിന്നാലെ ഫോണ്‍ വിളിയും; യുവാവ് അറസ്റ്റില്‍

Advertisement

ബംഗളുരു: ബൈക്ക് ടാക്സി യാത്രയ്ക്കിടെ ഡ്രൈവര്‍ സ്വയംഭോഗം ചെയ്തതതായും യാത്രയ്ക്ക് ശേഷം നിരന്തരം ഫോണിലൂടെയും വാട്സ്ആപിലൂടെയും ശല്യം ചെയ്തതായും യുവതിയുടെ പരാതി. ബംഗളുരു സ്വദേശിയായ യുവതിയാണ് ട്വിറ്ററിലൂടെ തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ വെളിപ്പെടുത്തിയത്. ബൈക്ക് ടാക്സി ആപ്ലിക്കേഷനായ റാപിഡോയില്‍ നിന്ന് ബുക്ക് ചെയ്ത യാത്രയ്ക്കിടെയായിരുന്നു സംഭവം. തൊട്ടുപിന്നാലെ ബംഗളുരു പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

മണിപ്പൂരിലെ സംഭവവികാസങ്ങള്‍ക്കെതിരെ ബംഗളുരു ഠൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദുരനുഭവം. ഓണ്‍ലൈനായി ഓട്ടോ വിളിക്കാന്‍ ശ്രമിച്ചെങ്കിലും നിരവധി തവണ ട്രിപ്പ് ക്യാന്‍സലായതോടെ ബൈക്ക് ടാക്സി ആപ്ലിക്കേഷനില്‍ നിന്ന് ബൈക്ക് ടാക്സി വിളിച്ചു. എന്നാല്‍ ഡ്രൈവര്‍ എത്തിയത് ആപില്‍ കാണിച്ച ബൈക്കുമായി ആയിരുന്നില്ല. വണ്ടി സര്‍വീസ് സെന്ററിലാണെന്നും അതുകൊണ്ടാണ് വേരൊരു ബൈക്ക് കൊണ്ടുവന്നതെന്നും ഇയാള്‍ പറഞ്ഞു. യുവതി ബുക്കിങ് കണ്‍ഫേം ചെയ്ത് ബൈക്കില്‍ കയറി.

യാത്രാമദ്ധ്യേ വിജനമായ ഒരു സ്ഥലത്തെത്തിയപ്പോള്‍ യുവാവ് സ്വയംഭോഗം ചെയ്യാന്‍ തുടങ്ങിയെന്ന് യുവതി ആരോപിച്ചു. ഒരു കൈകൊണ്ട് മാത്രം ഹാന്റിലില്‍ പിടിച്ചായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. പേടി കൊണ്ട് ഒന്നും മിണ്ടാനാവാതിരുന്ന യുവതി, ഡ്രൈവര്‍ തന്റെ വീടിന്റെ സ്ഥാനം മനസിലാക്കേണ്ടെന്ന് കരുതി അല്‍പം അകലെയുള്ള ഒരു സ്ഥലത്താണ് ഇറങ്ങിയത്. ഇലക്ട്രോണിക് പേയ്മെന്റ് രീതിയിലൂടെ പണം നല്‍കിയ ശേഷം ഇയാള്‍ നിരന്തരം ഫോണ്‍ വിളിക്കാന്‍ തുടങ്ങി. വാട്സ്ആപിലൂടെ ഇയാള്‍ അയച്ച സന്ദേശങ്ങളും യുവതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

നമ്പര്‍ ബ്ലോക്ക് ചെയ്തെങ്കിലും പല നമ്പറുകളില്‍ നിന്ന് വിളിച്ച് ഇയാള്‍ ശല്യം ചെയ്യാന്‍ തുടങ്ങി. യാത്രക്കാരുടെ സുരക്ഷയ്ക്ക് എന്ത് സംവിധാനമാണ് ഒരുക്കുന്നതെന്ന് യുവതി ബൈക്ക് ടാക്സി കമ്പനിയോട് ആരാഞ്ഞു. ട്വീറ്റ് ശ്രദ്ധയില്‍പെട്ട ഉടനെ അന്വേഷണം നടത്തിയെന്നും ആരോപണ വിധേയനായ ഡ്രൈവറെ അറസ്റ്റ് ചെയ്തതായും ബംഗളുരു സിറ്റി പൊലീസ് സൗത്ത് ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ഇലക്ട്രോണിക് സിറ്റി പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് വ്യക്തമാക്കി.