‘ആൽമരം മൂടിയ ചായക്കട’; അമൃത്സർ ക്ഷേത്രത്തിലെ ചായ്‍വാലയുടെ കഥ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

Advertisement

ഉപഭൂഖണ്ഡത്തിലെമ്പാടും ഒരു പോലെ സ്വീകാര്യമായ പാനീയമാണ് ചായ എന്നതിനാൽ തന്നെ, ഇന്ത്യയിൽ ചായക്കഥകൾക്ക് ഒരു പഞ്ഞവുമില്ല.

ട്രെയിനിൽ, റെയിൽവേ സ്റ്റേഷനിൽ, റോഡ് വക്കിൽ. ബസ് സ്റ്റാൻറിൽ എന്ന് വേണ്ട ഗ്രാമ പ്രദേശത്ത് പോലും ചായക്കട ഇല്ലാത്ത ഒരു നാൽക്കവല കാണില്ലെന്നത് ചായയുടെ സ്വീകാര്യതയെയാണ് കാണിക്കുന്നത്. ഇതിനിടെയാണ് അസാധാരണമായ ഒരു ചായക്കടയുടെ വീഡിയോ ആനന്ദ് മഹീന്ദ്ര തൻറെ ട്വിറ്റർ പേജിലൂടെ പങ്കുവച്ചത്.

പഞ്ചാബിലെ അമൃത്സറിലെ പ്രശസ്തമായ ‘ടെമ്പിൾ ഓഫ് ടീ സർവീസ്’ -ൻറെ ഹൃദയസ്പർശിയായ വീഡിയോയായിരുന്നു അത്. 80 വയസ്സുള്ള വൃദ്ധനായ ഒരു സിഖുകാരൻ 40 വർഷമായി നടത്തുന്ന ഒരു ചെറിയ ചായക്കട. അതും നൂറുവർഷത്തിലേറെ പഴക്കമുള്ള ഒരു ആൽമരത്തിൻറെ ചുവട്ടിൽ. ചായക്കടയുടെ ഏറ്റവും വലിയ പ്രത്യേകത ആ ചായക്കടയെ ഏതാണ്ട് പൂർണ്ണമായും ആൽമരം വളർന്ന് മൂടിക്കഴിഞ്ഞുവെന്നതാണ്. മരത്തിൻറെ വേരുകൾക്കിടയിലൂടെ വേണം ചായക്കടയിലേക്ക് കയറാൻ. കട മുഴുവനും ആൽമരം മൂടിയതാണെങ്കിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട് കടയ്ക്ക്. ഇവിടെ ചായയ്ക്ക് പ്രത്യേക തുകയില്ല. പകരം, ചായ കുടിച്ചവർക്ക് ഇഷ്ടമുള്ളത് അദ്ദേഹത്തിന് നൽകാം.

അജിത് സിംഗ് എന്നാണ് ആ വൃദ്ധനായ ചായക്കടക്കാരൻറെ പേര്. മരത്തിൻറെ അടിയിലെ തൻറെ ചെറിയ കടയിൽ ഇരുന്ന് അദ്ദേഹം സംസാരിക്കുന്നു. ചായയുണ്ടാക്കാനുള്ള കെറ്റിലുകളും പാത്രങ്ങളും അദ്ദേഹത്തിന് ചുറ്റും നിരന്നിരുന്നു. കൽക്കരി സ്റ്റൗവിൽ വലിയ പാത്രങ്ങളിൽ ചായ തിളയ്ക്കുന്നതും വീഡിയോയിൽ കാണാം. ആ ചായ അദ്ദേഹം ഗ്ലാസുകളിലേക്ക് ഒഴിച്ചു. ‘എന്തിനാണ് സൗജന്യമായി ചായ നൽകുന്നതെന്ന്’ വീഡിയോ എടുക്കുന്നയാൾ ചോദിച്ചപ്പോൾ, ‘നിസ്വാർത്ഥമായ സേവനം ചെയ്യാൻ അവസരം ലഭിക്കുന്നതിനാലാണ്’ എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി.

അമൃത്സറിൽ വരുമ്പോൾ താൻ ഈ ചായക്കട സന്ദർശിക്കാൻ ശ്രമിക്കുമെന്ന് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു. “അമൃത്സറിൽ കാണാൻ ഒരുപാട് കാഴ്ചകളുണ്ട്. എന്നാൽ അടുത്ത തവണ നഗരം സന്ദർശിക്കുമ്പോൾ, സുവർണ്ണ ക്ഷേത്രം സന്ദർശിക്കുന്നതിനോടൊപ്പം ബാബ 40 വർഷത്തിലേറെയായി നടത്തുന്ന ഈ ‘ടെമ്പിൾ ഓഫ് ടീ സർവീസ്’ സന്ദർശിക്കുന്നതിനും ശ്രമിക്കും. നമ്മുടെ ഹൃദയങ്ങളാണ് ഏറ്റവും വലിയ ക്ഷേത്രങ്ങൾ,” വീഡിയോ പങ്കിട്ടുകൊണ്ട് അദ്ദേഹം എഴുതി. പിന്നാലെ വീഡിയോ വൈറലായി. ആളുകൾ തങ്ങളുടെ സ്നേഹപ്രകടനത്തിനായി വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങൾ കുറിച്ചു.

Advertisement