വീട്ടമ്മയായി 13 വർഷത്തെ പരിചയം; സോഷ്യൽ മീഡിയയിൽ ചർച്ചയായി യുവതിയുടെ സിവി !

Advertisement

ജോലിക്കായി സിവി അയക്കുമ്പോൾ നമ്മൾ വളരെ ശ്രദ്ധിക്കാറുണ്ട്. ജോലി ഒഴിവിലേക്ക് ലഭിക്കുന്ന സിവികളിൽ ഏറ്റവും മികച്ചത് നമ്മുടെതായിരിക്കണമെന്ന നിർബന്ധ ബുദ്ധിയോടെയാണ് പലപ്പോഴും നാം സിവി തയ്യാറാക്കാറ്.

അതുകൊണ്ടുതന്നെ പല കാര്യങ്ങളും മറച്ചുവെക്കുകയും മറ്റ് ചില കൂട്ടിച്ചേർക്കലുകൾ നടത്തുകയും ഒക്കെ ചെയ്യുന്നത് സാധാരണമാണ്. പ്രത്യേകിച്ച് മുൻകാല പരിചയങ്ങൾ ചേർക്കുമ്പോഴും മറ്റും. ഒരു തൊഴിൽ വിടവ് നമുക്കുണ്ടായിട്ടില്ലെന്ന് കാണിക്കാനുള്ള പല ശ്രമങ്ങളും സിവിയിൽ നടത്തും. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി തൻറെ ശ്രദ്ധയിൽപ്പെട്ട ഒരു സിവി, മാർക്കറ്റിംഗ് കമ്പനിയായ ഗ്രോത്തിക്കിൻറെ സ്ഥാപകൻ യുഗാൻഷ് ചൊക്ര, കഴിഞ്ഞദിവസം ലിങ്ക്ഡ്ഇന്നിൽ പങ്കുവയ്ക്കുകയുണ്ടായി. ആ സിവി ഒരു സ്ത്രീയുടെതായിരുന്നു. ‘ഏറ്റവും സത്യസന്ധ്യയായ സ്ത്രീ’ എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു യുഗാൻഷ് ചൊക്ര ഈ സിവി സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചത്. അതിന് കാരണം തൻറെ വർക്ക് എക്സ്പീരിയൻസ് ആയി അവർ ചേർത്തിരുന്നത് 13 വർഷക്കാലം വീട്ടമ്മയായിരുന്നുവെന്നാണ്.

ഒരു വീട്ടമ്മ എന്ന നിലയിലുള്ള അനുഭവം ഉൾപ്പെടുത്തി, തൻറെ വിലപ്പെട്ട കഴിവുകൾ ഉയർത്തി കാട്ടി കൊണ്ടായിരുന്നു ആ സ്ത്രീ 13 വർഷത്തെ തൻറെ അനുഭവ പരിചയത്തെ ന്യായീകരിച്ചത്. തൻറെ ശ്രദ്ധയിൽപ്പെട്ടതിൽ വച്ച് ഏറ്റവും സത്യസന്ധമായതും ആകർഷണീയവുമായ സിവി എന്നായിരുന്നു യുഗാൻഷ് ചൊക്ര ഇതിനെ വിശേഷിപ്പിച്ചത്. താൻ ഇത് ഇഷ്ടപ്പെടുന്നതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. തൻറെ സോഷ്യൽ മീഡിയ പോസ്റ്റിൽ അദ്ദേഹം കുറിച്ചത് ഇങ്ങനെയായിരുന്നു; “ഒരു കുടുംബത്തെ നിയന്ത്രിക്കുന്നത് ഒരു യഥാർത്ഥ ജോലിയാണ്, അത് വിലകുറച്ച് കാണാൻ കഴിയില്ല. ഇന്ത്യയിലെ സ്ത്രീകളിൽ 20 % ൽ താഴെ മാത്രമാണ് പ്രൊഫഷണൽ ജോലി ചെയ്യുന്നത്. കുട്ടികളുള്ള ദമ്പതികൾക്കിടയിൽ വീട്ടുജോലി പങ്കാളിത്തത്തിലെ ലിംഗ വ്യത്യാസം ഏറ്റവും വലുതാണ്. ഇതൊരു യഥാർത്ഥ ജോലിയാണ്, ഒരു കുടുംബത്തെ നിയന്ത്രിക്കാൻ ഒരാൾ ചെയ്യേണ്ട ജോലിയെ വിലകുറച്ച് കാണാനാകില്ല.” ഒപ്പം സിവിയുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. അതിൽ ഒരു ഹോം മേക്കർ ആകുന്നതിൻറെ ഭാഗമായി താൻ പഠിച്ച എല്ലാ കഴിവുകളും സ്ത്രീ സൂചിപ്പിച്ചിരിക്കുന്നതും കാണാം.