പ്രണയബന്ധത്തെ എതിർത്ത അമ്മ മകളെ കൊന്ന് കുഴിച്ചിട്ടു. ബിഹാറിലെ സിതാമർഹി ജില്ലയിലാണ് സംഭവം നടന്നത്. കൊലയ്ക്കു ശേഷം മൃതദേഹം വീടിനു പിന്നിൽ കുഴിച്ചിടുകയാണ് ഇവർ ചെയ്തതെന്ന് പൊലീസ് പിന്നീട് പറഞ്ഞു.
മെൽവാർ എന്ന ഗ്രാമത്തിലെ രാഗിണി എന്ന സ്ത്രീയാണ് മകളെ കൊല ചെയ്തത്. കൃത്യമായി ആസൂത്രണം ചെയ്താണ് കൊലപാതകം നടപ്പിലാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം മറവുചെയ്യാൻ ഇവരുടെ രണ്ട് ആൺമക്കളാണ് ഇവരെ സഹായിച്ചത്. വീടിനു പുറകിലെ പറമ്പിലാണ് ഇവർ പെൺകുട്ടിയുടെ മൃതദേഹം മറവു ചെയ്തത്.
മകളുടെ പ്രണയത്തിലുള്ള എതിർപ്പാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സമീപവാസികൾ നൽകിയ വിവരപ്രകാരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ക്രൂരകൊലപാതകത്തെ കുറിച്ചുള്ള വിവരം പുറംലോകമറിഞ്ഞത്. പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.