റാഞ്ചി: ജാര്‍ഖണ്ഡില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സുഭാഷ് മുണ്ടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ബുധനാഴ്ച്ച രാത്രി എട്ടിന് റാഞ്ചി ദലദല്ലിയില്‍ ഓഫീസില്‍ കയറിയാണ് അക്രമി സംഘം വെടിയുതിര്‍ത്തത്. ബൈക്കിലെത്തിയ ആക്രമി സംഘം കൃത്യം നടത്തിയ ശേഷം അതേ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവായ സുഭാഷ് മുണ്ടെയുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാണ്. മന്ത്രി കെ രാധാകൃഷ്ണന്‍ കൊലപാതകത്തെ അപലപിച്ചു.
‘അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നയിച്ച സുഭാഷ് മുണ്ടെ പ്രാദേശിക മാഫിയകളുടെയും രാഷ്ട്രീയ വൈരികളുടെയും കണ്ണിലെ കരടായിരുന്നു. മുണ്ടെയ്ക്ക് വർധിച്ചുവരുന്ന ജനപ്രീതി മാഫിയ സംഘങ്ങൾക്കും രാഷ്ട്രീയ എതിരാളികൾക്കും അലോസരമുണ്ടാക്കിയിരുന്നു. ജനകീയ വിഷയങ്ങളിൽ വളരെ മികച്ച ഇടപെടലുകൾ നടത്തിയിരുന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം. ആദിവാസികളിൽ നിന്നുള്ള ജനപ്രിയ നേതാവായ മുണ്ട സമൂഹ കൊലപാതകത്തെ ശക്തമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.’ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.