ന്യൂഡൽഹി: തന്റെ ഭരണത്തിന്റെ മൂന്നാം ടേമിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെയാണു ബിജെപിക്കു ഭരണത്തുടർച്ച ലഭിക്കുമെന്നും താൻ തന്നെ തുടരുമെന്നും മോദിയുടെ പ്രഖ്യാപനം.
എന്റെ ആദ്യ ടേമിൽ ഇന്ത്യ പത്താമത്തെ സമ്പദ് വ്യവസ്ഥയായിരുന്നു. രണ്ടാം ടേമിൽ അഞ്ചാം സ്ഥാനത്തെത്തി. മൂന്നാം ടേമിൽ മൂന്നാം സ്ഥാനത്തെത്തും. ഇതു താൻ നൽകുന്ന ഉറപ്പാണെന്നും മോദി. ഡൽഹിയിൽ ജി20 ഉച്ചകോടിക്കായി നവീകരിച്ച പ്രഗതി മൈതാൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിന്റെ കിഴക്കുപടിഞ്ഞാറും തെക്കുവടക്കും അടിസ്ഥാന സൗകര്യം മാറുകയാണ്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയ്ൽ പാലവും റോഡും മൈതാനവും തുരങ്കവും ഏറ്റവും വലിയ പ്രതിമയും ഇന്ന് ഇന്ത്യയുടേതാണെന്നും പ്രധാനമന്ത്രി.
ജി 20 യോഗത്തിനു മുന്നോടിയായി നവീകരിച്ച പ്രഗതി മൈതാനിലെ ഇന്റർ നാഷണൽ എക്സിബിഷൻ കം കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ഇകിന് ഭാരത് മണ്ഡപം എന്ന പേരും നൽകി. 123 ഏക്കര്‍ വിസ്തൃതിയുള്ള പ്രഗതി മൈതാനിൽ ആഗോളതലത്തില്‍ മെഗാ കോണ്‍ഫറന്‍സുകള്‍, അന്താരാഷ്ട്ര ഉച്ചകോടികള്‍, സാംസ്കാരിക ആഘോഷങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതിനുള്ള വേദിയായാണ് 2700 കോടി രൂപ ചെലവിൽ ഭാരത് മണ്ഡപം സജ്ജമാക്കിയിരിക്കുന്നത്. 7,000 ഇരിപ്പിടങ്ങളുള്ളതാണു കോൺഫറന്‍സ് ഹാള്‍. ഇത് 5,500 പേര്‍ക്ക് ഇരിക്കാവുന്ന ഓസ്ട്രേലിയയിലെ ഐക്കോണിക് സിഡ്നി ഓപ്പറ ഹൗസിനെക്കാള്‍ വലുതാണ്. സാംസ്കാരിക പരിപാടികള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമായി മൂന്ന് പിവിആര്‍ തിയെറ്ററുകൾക്കു തുല്യമായ ഗ്രാന്‍ഡ് ആംഫി തിയെറ്ററും സജ്ജമാക്കി.