മണിപ്പൂരിൽ, രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രതിപക്ഷ എം പി മാർ ഇന്നെത്തും

Advertisement

ഇംഫാല്‍. സംഘർഷം തുടരുന്ന മണിപ്പൂരിൽ, രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രതിപക്ഷ എം പി മാർ ഇന്നെത്തും. കേരളത്തിൽ നിന്നുള്ള നാല് എം പി മാർ അടക്കം 16 പാർട്ടികളിൽ നിന്നായി 20 എം പി മാരാണ് മണിപ്പൂർ സന്ദർശിക്കുന്നത്. ഇന്ന്ഉച്ചയ്ക്ക് 12 മണിക്ക് എം പി മാർ മണിപ്പൂരിൽ എത്തും. രണ്ട് സംഘങ്ങളായി എം പി മാർ കലാപബാധിത മേഖലകൾ സന്ദർശിക്കും. ചുരാചന്ദ്പൂരിലെ കുക്കി വിഭാഗങ്ങളുടെയും , ബിഷ്ണുപൂരിലെ മെയ്തെയ് വിഭാഗങ്ങളുടെയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും. ഗവർണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും എം പി മാർ മടങ്ങുക.

അതേസമയം മണിപ്പൂരിൽ കഴിഞ്ഞ 3 ദിവസത്തിനിടെ ഉണ്ടായ വ്യത്യസ്ത സംഘർഷങ്ങളിൽ രണ്ട് പേർ കൊല്ലപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.ബിഷ്ണുപൂരിൽ അക്രമികൾ ആറ് വീടുകൾക്ക് തീയിട്ടു. ഫൗഗക്‌ചാവോ ഇഖായ്, ഹെയ്‌ക്കോൾ, ടെറഖോങ്‌സാങ്‌ബി, കാങ്‌വായ് എന്നിവിടങ്ങളിൽ ആണ് സംഘർഷം ഉണ്ടായതെന്നും പോലീസ് അറിയിച്ചു.

Advertisement