ഹൈദരാബാദ്: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളുള്ള ഇടമാണ് തെന്നിന്ത്യ. അടുത്തകാലത്തായി തെന്നിന്ത്യൻ ചിത്രങ്ങൾ ബോളിവുഡ് ചിത്രങ്ങളെക്കാൾ നേട്ടവും ഉണ്ടാക്കുന്നുണ്ട്. രജനികാന്ത്, ചിരഞ്ജീവി, മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ ഇങ്ങനെ ഒരേ സമയം പ്രതിഭ സമ്പന്നവും താരപ്രഭയിലുമാണ് തെന്നിന്ത്യൻ സിനിമ രംഗം.
ജനപ്രീതി താരങ്ങൾക്ക് സിനിമകൾ, അംഗീകാരങ്ങൾ, മറ്റ് ബിസിനസ്സുകൾ എന്നിവയിലൂടെ ധാരാളം പണം സമ്പാദിക്കാൻ അവസരം നൽകുന്നു എന്നത് ഒരു രഹസ്യമല്ല. ഇത്തരത്തിൽ തെന്നിന്ത്യയിൽ ഏറ്റവും സമ്പന്നനായ താരം ആരാണ്? മുകളിൽ പറഞ്ഞ പേരുകളിലോ അല്ലെങ്കിൽ പുത്തൻ നിരയിലെ ഒരു താരമോ അല്ല തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നൻ. ഒരു സിനിമയ്ക്ക് 100 കോടി രൂപ പ്രതിഫലം വാങ്ങുന്ന നടനുമല്ല അദ്ദേഹം.
നാഗാർജുന എന്ന നാഗാർജുന അക്കിനേനിയാണ് ദക്ഷിണേന്ത്യൻ സിനിമ രംഗത്തെ ഏറ്റവും സമ്പന്നൻ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വിജയകരമായ തെലുങ്ക് സിനിമ രംഗത്ത് ഇദ്ദേഹമുണ്ട്. ഹിന്ദി സിനിമകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, കൂടാതെ സിനിമകളുടെയും മറ്റ് ബിസിനസ്സുകളിലൂടെയും 3000 കോടിയിലധികം ആസ്തി ഇദ്ദേഹത്തിനുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. സൂം ടിവിയുടെ ഒരു റിപ്പോർട്ട് പ്രകാരം 2022-ൽ അദ്ദേഹത്തിന്റെ ആസ്തി 3010 കോടി രൂപയിലധികമായിരുന്നു.
63 വയസുകാരനായ നാഗാർജുന ഒരു ചിത്രത്തിന് ഒൻപത് കോടി മുതൽ 20 കോടിവരെയാണ് പ്രതിഫലം വാങ്ങുന്നത്. പരസ്യങ്ങൾക്കും ബ്രാൻറ് പ്രമോഷനും മറ്റും ഇദ്ദേഹം രണ്ട് കോടി രൂപയോളം വാങ്ങുന്നുണ്ട്. ഇതിന് പുറമേ വിജയകരമായ ഏറെ ബിസിനസ് സംരംഭങ്ങളും നിക്ഷേപങ്ങളും ഇദ്ദേഹത്തിനുണ്ട്. ഒരു സമയത്ത് തെലുങ്ക് വിനോദ ചാനൽ മാ ടിവി ഇദ്ദേഹത്തിൻറെതായിരുന്നു. എന്നാൽ പിന്നീട് ഇത് സ്റ്റാർ നെറ്റ്വർക്കിന് വിറ്റു. അന്നപൂർണ്ണ സ്റ്റുഡിയോ എന്ന പ്രൊഡക്ഷൻ ഹൌസും സ്റ്റുഡിയോയും ഇദ്ദേഹത്തിൻറെതാണ്. ഇദ്ദേഹത്തിന് ഹൈദരാബാദ് ഹൈടെക് സിറ്റിയിൽ ഒരു കൺവെൻഷൻ സെൻറർ സ്വന്തമായി ഉണ്ട്. അതിനൊപ്പം തന്നെ ഹൈദരാബാദിൽ ഒരു മീഡിയ സ്കൂളും ഇദ്ദേഹം നടത്തുന്നുണ്ട്.
നാഗാർജുന ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ മറ്റ് സൂപ്പർതാരങ്ങളും വലിയ സമ്പദ്യവുമായി ഈ ലിസ്റ്റിൽ അടുത്ത സ്ഥാനങ്ങളിലുണ്ട്. തെലുങ്ക് താരം വെങ്കിടേഷും, ചിരഞ്ജീവിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ 2200 കോടിയും, 1650 കോടിയുമാണ് റിപ്പോർട്ട് പ്രകാരം ഇവരുടെ സ്വത്ത്. ചിരഞ്ജീവിയുടെ മകൻ രാംചരൺ ആണ് നാലാം സ്ഥാനത്ത് 1370 കോടിയാണ് ഇദ്ദേഹത്തിൻറെ സ്വത്ത്.
ജൂനിയർ എൻടിആർ (450 കോടി), ദളപതി വിജയ് (445 കോടി), രജനികാന്ത് (430 കോടി), കമൽഹാസൻ (388 കോടി), മോഹൻലാൽ (376 കോടി), അല്ലു അർജുൻ (350 കോടി) എന്നിങ്ങനെയാണ് തുടർന്ന് ലിസ്റ്റ് വരുന്നത് എന്നതാണ് സൂം റിപ്പോർട്ട് പറയുന്നത്.