ചെന്നൈ: തമിഴ്നാടിന് അനുവദിച്ച മൂന്നാം വന്ദേഭാരത് എക്സ്പ്രസ് ആഗസ്റ്റ് ആറിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തേക്കും. ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേക്കാണു സർവീസ്. സാധാരണ എക്സ്പ്രസ് ട്രെയ്നുകളെക്കാൾ യാത്രാ സമയം രണ്ടു മണിക്കൂർ കുറയ്ക്കാൻ പുതിയ സർവീസിനാകും. എട്ടു കോച്ചുകളുള്ള വണ്ടിക്ക് ട്രിച്ചിയിലും മധുരയിലും മാത്രമാകും സ്റ്റോപ്പുകൾ.
ട്രെയ്നിന്റെ അറ്റകുറ്റപ്പണിക്കായി കല്ലൂർ, പാളയംകോട്ട, ചേരൻമഹാദേലി എന്നീ സ്റ്റേഷനുകൾ പരിഗണിക്കുന്നുണ്ട്. ചെന്നൈയിൽ നിന്നു കോയമ്പത്തൂരിലേക്കുളള വന്ദേഭാരത് കഴിഞ്ഞ ഏപ്രിൽ എട്ടിന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ചെന്നൈയിൽ നിന്ന് മൈസൂരുവിലേക്കുള്ള മറ്റൊരു വന്ദേഭാരത് സർവീസിനും റെയ്ൽവേ നേരത്തേ തുടക്കമിട്ടിരുന്നു.