മണിപ്പൂർ വിഷയത്തിൽ ഇന്നും പാർലമെന്റ് നടപടികൾ പ്രക്ഷുബ്ദമാകും

Advertisement

ന്യൂഡെല്‍ഹി.മണിപ്പൂർ വിഷയത്തിൽ ഇന്നും പാർലമെന്റ് നടപടികൾ പ്രക്ഷുബ്ദമാകും. അവിശ്വാസ പ്രമേയ ചർച്ച വൈകുന്ന സാഹചര്യത്തിൽ മണിപ്പൂർ വിഷയത്തിൽ ഇന്നും പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ അടിയന്തര പ്രമേയ അവതരണാനുമതി തേടിയിട്ടുണ്ട്. സഭ മറ്റ് നടപടികൾ ഉപേക്ഷിച്ച് മണിപ്പൂർ വിഷയം ചർച്ച ചെയ്യണം എന്നാണ് ആവശ്യം. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയുടെ പ്രതിനിധികൾ മണിപ്പൂർ സന്ദർശിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വിവര ശേഖരണം നടത്തിയിരുന്നു. സന്ദർശന മധ്യേ ലഭ്യമായ വിവരങ്ങൾ അടക്കം ഉയർത്തിയാകും അടിയന്തിര പ്രമേയ ആവശ്യം.

രാജ്യസഭയിൽ ഇന്നലെ മണിപ്പൂർ വിഷയത്തിൽ റൂൾ 176 പ്രകാരമുള്ള ഹ്യസ്വ ചർച്ച നടത്താൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. ആഭ്യന്തരമന്ത്രി സഭയിൽ പ്രസ്താവന നടത്തും എന്ന് വ്യക്തമാക്കിയായിരുന്നു സർക്കാർ നീക്കം. ഇന്നലെ സഭ ഇതേതുടർന്ന് തടസ്സപ്പെട്ട സാഹചര്യത്തിൽ ഇന്ന് വീണ്ടും ഹ്യസ്വ ചർച്ച നീക്കം സർക്കാർ രാജ്യസഭയിൽ ആവർത്തിയ്ക്കും. അതിനിടെ കാർഷിക മേഖലയിലെ വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ശ്രദ്ധ ക്ഷണിയ്ക്കൽ പ്രമേയം അവതരിപ്പിയ്ക്കാൻ ഇന്ന് കേരളത്തിൽ നിന്നുള്ള സി.പി.എം അംഗം ഡോ.വി. ശിവദാസന് രാജ്യസഭാ ചെയർമാൻ അനുവാദം നല്കി. നറുക്കെടുപ്പിലൂടെ ആണ് ശൂന്യവേളയിൽ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ അവതരിപ്പിയ്ക്കാൻ അംഗങ്ങളെ തിരഞ്ഞെടുക്കുക.

Advertisement