ഹരിയാന: സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ക്ഷേത്രത്തിൽ അഭയം തേടിയ മൂവായിരത്തോളം പേരെ രക്ഷപ്പെടുത്തി. പ്രദേശത്ത് കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു
അക്രമികൾ കല്ലെറിയുകയും കാറുകൾക്ക് തീയിടുകയും ചെയ്തു. പോലീസ് നടപടിയിൽ 20 പേർക്ക് പരുക്കേറ്റു. ഒരാൾക്ക് വെടിയേറ്റിട്ടുണ്ട്. സംഘർഷത്തിന് പിന്നാലെ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനമേർപ്പെടുത്തി.
ഘോഷയാത്ര ഗുരുഗ്രാം-ആൽവാർ ദേശീയപാതയിൽ വെച്ച് ഒരു സംഘം യുവാക്കൾ തടയുകയും ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടാകുകയുമായിരുന്നു. അക്രമം രൂക്ഷമായതോടെ ജനക്കൂട്ടം വാഹനങ്ങൾക്ക് തീ കൊളുത്തി. ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയ മൂവായിരത്തോളം പേർ ഒരു ക്ഷേത്രത്തിൽ അഭയം തേടുകയായിരുന്നു.