ജോലിയില്ലാത്ത ഭാര്യയുടെ പേര് പേറോളിൽ ഉൾപ്പെടുത്തി, 10 വർഷമായി മാനേജർ തട്ടിയത് കോടികൾ; സംഭവമിങ്ങനെ….

Advertisement

ന്യൂഡൽഹി: തൊഴിൽ രഹിതയായ ഭാര്യയെ ജോലി ചെയ്യുന്ന കമ്പനിയുടെ പേ റോളിൽ അനധികൃതമായി തിരുകിക്കയറ്റി കോടികൾ വെട്ടിച്ച സംഭവത്തിൽ കമ്പനി മാനേജർ അറസ്റ്റിൽ. സ്വകാര്യ റിക്രൂട്ട്‌മെന്റ് കമ്പനിയിലെ ജീവനക്കാരനാണ് തന്റെ ഭാര്യയെ ശമ്പളപ്പട്ടികയിൽ ഉൾപ്പെടുത്തി 10 വർഷത്തിലേറെയായി കമ്പനിയെ കബളിപ്പിച്ച് കോടികൾ തട്ടിയത്.

അസാധാരണ കുറ്റകൃത്യമാണെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥരുടെ നി​ഗമനം. റിക്രൂട്ട്‌മെന്റ് സേവനങ്ങൾ നൽകുന്ന മാൻപവർഗ്രൂപ്പ് സർവീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ മാനേജരാണ് തട്ടിപ്പ് നടത്തിയത്. 2008ൽ സ്ഥാപനത്തിൽ അസി. മാനേജരായി (ഫിനാൻസ്) ജോലിയിൽ പ്രവേശിച്ച രാധാബല്ലവ് നാഥിനെതിരെയാണ് പരാതി. ഇയാൾ പിന്നീട് മാനേജർ (ഫിനാൻസ്) ആയി സ്ഥാനക്കയറ്റം നേടി. കമ്പനിയുടെ ചെലവിൽ തന്റെ ജോലിയില്ലാത്ത ഭാര്യക്ക് സ്ഥിരമായ വരുമാനം ഉണ്ടാക്കാൻ ഇയാൾ പദ്ധതി തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.

കഴിഞ്ഞ വർഷം ഡിസംബറിൽ രേഖകളിൽ കൃത്രിമം നടന്നതായി തിരിച്ചറിഞ്ഞതോടെ ഡൽഹി ആസ്ഥാനമായുള്ള കമ്പനി അന്വേഷണം നടത്തി കുറ്റകൃത്യം സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച, പൊലീസിൽ പരാതി നൽകി. സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്നതിനാൽ, ഡയറക്ടർ (ഹ്യൂമൻ റിസോഴ്‌സ്), ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ (സിഎച്ച്ആർഒ), രാധാബല്ലവ് നാഥ് എന്നീ മൂന്ന് ഓഫീസർമാർക്ക് മാത്രമേ പ്രതിമാസ ശമ്പളവും റീഇംബേഴ്‌സ്‌മെന്റ് ഡാറ്റയും ആക്‌സസ് ചെയ്യാൻ കമ്പനി അനുവദിച്ചിരുന്നുള്ളൂ. ഈ സാഹചര്യം മുതലാക്കിയാണ് ആരുമറിയാതെ ഇയാൾ ഭാര്യയെ പേറോളിൽ അനധികൃതമായി ഉൾപ്പെടുത്തിയത്.

പുറത്തുനിന്നുള്ള പേറോൾ വെണ്ടറും കമ്പനിയുടെ എച്ച്ആർ, ഫിനാൻസ് തുടങ്ങിയ മറ്റ് വകുപ്പുകളും തമ്മിലുള്ള ഇടനില ഉദ്യോ​ഗസ്ഥനായിരുന്നു ഇയാൾ. പുതുതായി കമ്പനിയിൽ ചേരുന്നവർ, രാജിവെച്ചവർ, ജോലി ചെയ്യുന്ന ജീവനക്കാരുടെ ഹാജർ തുടങ്ങിയ വിവരങ്ങൾ പ്രതിമാസ വേതന രജിസ്റ്റർ തയ്യാറാക്കുന്നതിനായി ഇയാളാണ് ശമ്പള വിഭാ​ഗത്തിലേക്ക് അയച്ചുകൊടുത്തിരുന്നത്. പ്രതിമാസ വേതന രജിസ്റ്റർ തയ്യാറാക്കിയ ശേഷം, ഇയാൾ തിരികെ അയയ്‌ക്കുക പതിവായിരുന്നു. ഇയാളാണ് രജിസ്റ്റർ എച്ച് ആർ ഡയറക്ടർക്ക് കൈമാറുകയും അന്തിമ അംഗീകാരത്തിനായി സിഎച്ച്ആർഒയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നത്. ശമ്പളം അനുവദിക്കുന്നതിനുള്ള അന്തിമ ശമ്പള രജിസ്റ്റർ ബാങ്കിലേക്ക് അയയ്ക്കുന്നതിനുള്ള ചുമതല ഇയാൾക്കായിരുന്നു. ഈ ഘട്ടത്തിലാണ് ഇയാൾ ബാങ്കിലേക്ക് അയയ്‌ക്കുന്നതിന് മുമ്പ് നാഥ് കൃത്രിമം കാണിച്ച് ഭാര്യയുടെ പേര് ചേർക്കുന്നത് പതിവാക്കിയതെന്ന് കമ്പനി പരാതിയിൽ ആരോപിച്ചു.

ശമ്പള ബിൽ ലഭിച്ച ശേഷം ഇയാൾ തന്റെ ഭാര്യയുടെ പേരായ സസ്മിത നാഥ് എന്ന് ഉൾപ്പെടുത്തി പണം തട്ടിയെന്ന് കമ്പനി പരാതിയിൽ പറയുന്നു. അതിന് പുറമെ, സ്വന്തം ശമ്പള കണക്കിൽ കൃത്രിമം കാണിക്കുകയും ചെയ്തു. മറ്റൊരു ജീവനക്കാരന്റെ കംപ്യൂട്ടർ ഉപയോ​ഗിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. ഫയൽ അപ്‌ലോഡ് ചെയ്‌ത ശേഷം ഡിലീറ്റ് ചെയ്യുകയായിരുന്നു പതിവ്.

രാധാബല്ലവ് നാഥിനെ 2022 ഡിസംബർ 11-ന് സസ്‌പെൻഡ് ചെയ്യുകയും 2022 ഡിസംബർ എട്ടിന് അന്വേഷണത്തിനായി ആഭ്യന്തര കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. രേഖകൾ ഹാജരാക്കിയപ്പോൾ, 2012 മുതൽ തന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 3.6 കോടി രൂപ അനധികൃതമായി ട്രാൻസ്ഫർ ചെയ്തതായി ഇയാൾ സമ്മതിച്ചു. സ്വന്തം ശമ്പളം പെരുപ്പിച്ച് കാണിച്ച് 60 ലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്ക് കഴിഞ്ഞ കുറേ വർഷങ്ങളായി ട്രാൻസ്ഫർ ചെയ്തു. മൊത്തം 4.2 കോടി രൂപ കമ്പനിക്ക് നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം സമ്മതിച്ചു. തട്ടിപ്പ് പണം ഉപയോ​ഗിച്ച് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയും ഡൽഹി, ജയ്പൂർ, ഒഡീഷയിലെ തന്റെ ജന്മസ്ഥലം എന്നിവിടങ്ങളിൽ വസ്തുവകകൾ വാങ്ങാനും പണം ഉപയോഗിച്ചു.