യുവാക്കളുടെ സാഹസികത നിറഞ്ഞ വീഡിയോ നിരവധി പേർ ട്വിറ്ററിൽ പങ്കുവച്ചത് ജൂലൈ 29 ന് രാത്രിയോടെയാണ്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിൻറെ മുകളിലിരുന്ന മദ്യപിക്കുന്ന രണ്ട് യുവാക്കളുടെ വീഡിയോയായിരുന്നു അത്.
ആകാശ് കുമാർ എന്ന ട്വിറ്റർ ഉപയോക്താവ് പങ്കുവച്ച വീഡിയോയ്ക്ക് ഒപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു,’ റോഡിൽ കാറുമായി സ്റ്റണ്ട് ചെയ്യുന്ന വീഡിയോ വൈറലായി. ഗാസിയാബാദിലെ പോഷ് ഏരിയയായ ഇവിടെ വലിയ വ്യക്തികളുടെ വീടുകൾ ഉള്ള സ്ഥലം കൂടിയാണ്. തുടർച്ചയായ പ്രവർത്തനങ്ങൾ പോലും ഫലപ്രദമല്ലെന്ന ഭയം ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നു.’ ഒപ്പമുള്ള വീഡിയോയിൽ ഓടുന്ന കാറിന് മുകളിലിരുന്ന് രണ്ട് പേരിൽ ഒരാൾ മദ്യപിക്കുന്നത് കാണാം. മദ്യപിച്ച ശേഷം അയാൾ കുപ്പി റോഡിലേക്ക് വലിച്ചെറിയുന്നു. പിന്നാലെ ഷർട്ടൂരാൻ ശ്രമിക്കുന്നതും വീഡിയോയിൽ ഉണ്ട്.
ഗാസിയാബാദിലെ ഡിസിപി സിറ്റി കമ്മീഷണറേറ്റിൻറെ ട്വിറ്റർ പേജിൽ, അന്ന് രാത്രി പത്തേ മുക്കാലോടെ ഒരു വീഡിയോയും ചിത്രവും പങ്കുവയ്ക്കപ്പെട്ടു. ഒപ്പമുള്ള കുറിപ്പിൽ ഇങ്ങനെ എഴുതി. ‘ ഇന്ന്, സാമൂഹിക മാധ്യമങ്ങളിലൂടെ, കവി നഗർ പോലീസ് സ്റ്റേഷൻ പരിധിയുമായി ബന്ധപ്പെട്ട ഒരു വൈറൽ വീഡിയോ ലഭിച്ചു, അതിൽ ചില യുവാക്കൾ ഓടുന്ന വാഹനത്തിൽ മദ്യപിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്ത ശേഷം വാഹനം പിടിച്ചെടുക്കുകയും പ്രസ്തുത വാഹനത്തിന് 10,000 രൂപ പിഴ ഈടാക്കുകയും ചെയ്യതിട്ടുണ്ട്. എസിപി കവിനഗർ.’ ഒപ്പം സംഭവത്തെ കുറിച്ച് വിശദമാക്കുന്ന എസിപിയുടെ വീഡിയോയും മൂന്ന് പേർ അഴിക്കുള്ളിൽ നിൽക്കുന്ന ചിത്രവും അടച്ച പെറ്റിയുടെ രസീറ്റുമുണ്ടായിരുന്നു. എസിപിയുടെ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇതിനകം പതിനെട്ടര ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. നിരവധി പേർ വീഡിയോയ്ക്ക് തങ്ങളുടെ അഭിപ്രായമെഴുതാനെത്തി.
രണ്ട് വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ ഇതിനകം വൈറലായി. ചിലർ പൊതുസ്ഥലത്ത് പുരുഷന്മാരുടെ പെരുമാറ്റത്തെ ചോദ്യം ചെയ്തുകൊണ്ട് തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. ഒന്നിലധികം ട്വിറ്റർ ഉപയോക്താക്കൾ വീഡിയോ അപ്‌ലോഡ് ചെയ്യുകയും നടപടിയെടുക്കാൻ അധികാരികളോട് ആവശ്യപ്പെട്ടതിനും പിന്നാലെയാണ് കാറിൻറെ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഒപ്പം കാറും കസ്റ്റഡിയിൽ എടുത്തു. സമാനമായ നിരവധി വാർത്തകളാണ് ഉത്തരേന്ത്യയിൽ നിന്ന് നേരത്തെയും പുറത്ത് വന്നിരുത്. വിവാഹ ദിവസം ഹെൽമറ്റില്ലാതെ വിവാഹ വസ്ത്രത്തിൽ സ്കൂട്ടറോടിച്ച് പോകുന്ന വധുവിൻറെയും കാറിൻറെ ബോണറ്റിൽ ഇരുന്ന് പോകുന്ന വധുവിൻറെയും ബൈക്ക് ഓടിക്കുന്ന യുവാവിന് അഭിമുഖമായി ഇരുന്ന് യാത്ര ചെയ്യുന്ന കാമുകിയുടെയും വീഡിയോകൾ ഇത് പോലെ വൈറലാവുകയും പോലീസ് നടപടിയെടുക്കുകയും ചെയ്തതും നേരത്തെ വാർത്തായായിരുന്നു.