‘ഡൽഹി ബിൽ’: എഎപിയെ ഞെട്ടിച്ച് ബിജെപിക്കൊപ്പം ബിജെഡി; ബിൽ പാസാകും

Advertisement

ന്യൂ‍ഡൽഹി: ഡൽഹി സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ബിൽ അവതരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് കനത്ത പ്രതിഷേധം സഭയിൽ അരങ്ങേറിയെങ്കിലും സർക്കാർ പിന്മാറിയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിലുണ്ടായിരുന്നെങ്കിലും സഹമന്ത്രി നിത്യാനന്ദറായിയാണ് ബിൽ അവതരിപ്പിച്ചത്.

മണിപ്പുർ വിഷയത്തിൽ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയതിനാൽ ഉച്ചയ്ക്കു ശേഷമാണ് ബിൽ അവതരിപ്പിച്ചത്. പ്രതിഷേധം നിർത്തി സഭാ നടപടികളിൽ സഹകരിച്ച പ്രതിപക്ഷം ഡൽഹി ബിൽ അവതരിപ്പിക്കരുത് എന്നാവശ്യപ്പെട്ടു. തുടർന്ന് നടുത്തളത്തിലിറങ്ങി. ബഹളം തുടർന്നതോടെ സഭ മൂന്നുമണി വരെ നിർത്തിവച്ചു.

അതേസമയം, എഎപിയെ ഞെട്ടിച്ച് ബില്ലിൽ ബിജെപിയെ അനുകൂലിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികിന്റെ ബിജു ജനതാദൾ(ബിജെഡി) രംഗത്തുവന്നു. ഇതോടെ ബിൽ പാൽലമെന്റിൽ സുഗമമായി പാസാകുമെന്ന് ഉറപ്പായി. ബിജു ജനതാദളിന് ഒൻപത് എംപിമാരാണ് രാജ്യസഭയിലുള്ളത്. രാജ്യസഭയിൽ ഒൻപതും ലോക്സഭയിൽ 22 അംഗങ്ങളുമുള്ള ആന്ധ്രാ മുഖ്യമന്ത്രി ജഗമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് നേരത്തെ തന്നെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ലോക്‌സഭയിൽ ഡൽഹി സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിക്കുന്നതിനിടെ(PTI Photo)
നിലവിൽ 238 അംഗങ്ങളുള്ള രാജ്യസഭയിൽ ബിൽ പാസാകാൻ വേണ്ടത് 120 പേരുടെ പിന്തുണയാണ്. സഭയുടെ പൂർണ അംഗബലം 245 ആണെങ്കിലും ഏഴു സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ബിജെപിയും സഖ്യകക്ഷികളും ചേരുന്ന എൻഡിഎയ്ക്ക് 103 അംഗങ്ങളാണുള്ളത്. നോമിനേറ്റ് ചെയ്യപ്പെട്ട അഞ്ച് അംഗങ്ങളുടെയും ഒരു സ്വതന്ത്ര എംപിയുടെയും പിന്തുണ ബിജെപിക്ക് ലഭിക്കും. ബിജെഡിയുടെയും വൈഎസ്ആർ കോൺഗ്രസിന്റെയും പിന്തുണ ലഭിക്കുന്നതോടെ ബിൽ അംഗീകരിക്കുന്നവരുടെ എണ്ണം 127 ആകും.

ഡൽഹി സംസ്ഥാന സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാൻ കൊണ്ടുവന്ന ഓർഡിനൻസിനു പകരമാണു ബിൽ. ഡൽഹി സർക്കാരിനു കീഴിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കു പ്രത്യേക അതോറിറ്റി രൂപീകരിക്കാനാണു കേന്ദ്രം മേയ് 19നു പ്രത്യേക ഓർഡിനൻസ് (ഗവൺമെന്റ് ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിറ്ററി (അമെൻഡ്മെന്റ്) ഓർഡിനൻസ് 2023) കൊണ്ടുവന്നത്. ബിൽ പ്രകാരം ഡൽഹിയിൽ നിയമിക്കുന്ന ഉദ്യോഗസ്ഥരുടെ സസ്പെൻഷനടക്കമുള്ള നടപടികളും കേന്ദ്രത്തിലെ നിയന്ത്രണത്തിലാകും.
പുതുതായി രൂപീകരിച്ച നാഷനൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റിയിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. ഡൽഹി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നും ദേശീയ തലസ്ഥാന പ്രദേശത്തെ (എൻസിടി) ക്രമസമാധാനം, പൊലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങൾ സർക്കാരിന്റെ അധികാരപരിധിയിലാണെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് ഓർഡിനൻസ് കൊണ്ടുവന്നത്.