ന്യൂ ഡെൽഹി : മണിപ്പൂർ വിഷയത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. മണിപ്പൂരിൽ ഭരണഘടനാ സംവിധാനം തകർന്നുവെന്നും ക്രമസമാധാനം തകർന്നിടത്ത് എങ്ങനെ നീതി നടപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ആൾക്കൂട്ടത്തിന് തന്നെ കൈമാറിയത് പോലീസാണെന്നാണ് നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ മൊഴിയിൽ പറയുന്നത്. ഇതിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്‌തോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
എന്താണ് നടന്നതെന്ന് കണ്ടെത്തേണ്ടത് ഡിജിപിയുടെ ചുമതലയാണ്. ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌തോ എന്നും കോടതി ചോദിച്ചു. അതേസമയം സിബിഐ അന്വേഷണം തുടരുകയാണെന്നും വെള്ളിയാഴ്ച റിപ്പോർട്ട് നൽകാമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു
കലാപത്തിൽ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യാൻ വലിയ കാലതാമസം ഉണ്ടായെന്ന് വ്യക്തമായെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നാലാം തീയതി ഉണ്ടായ സംഭവത്തിൽ ഏഴാം തീയതിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു സ്ത്രീയെ കാറിൽ നിന്ന് പുറത്തേക്ക് വലിച്ചിഴച്ചതും മകനെ അടിച്ചു കൊന്നതുമായി ഗൗരവമുള്ള സംഭവമായിരുന്നു ഇതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കേസുകൾ എടുക്കുന്നതിലും എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്യുന്നതിലും വലിയ വീഴ്ച ഉണ്ടായിട്ടുണ്ട്. വളരെ കുറച്ച് അറസ്റ്റുകൾ മാത്രമാണ് ഉണ്ടായത്. വെള്ളിയാഴ്ച രണ്ട് മണിക്ക് ഡിജിപി നേരിട്ട് ഹാജരായി വിവരങ്ങൾ നൽകണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.