മുംബൈ.പ്രശസ്ത കലാസംവിധായകന്‍ നിതിന്‍ ദേശായി അന്തരിച്ചു. ബുധനാഴ്ച രാവിലെ കര്‍ജാത്തിലെ എന്‍ഡി സ്റ്റുഡിയോയിലാണ് നിതിന്‍ ദേശായിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ചെയ്താതാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മരണകാരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. മികച്ച കലാസംവിധാനത്തിനുള്ള ദേശീയ അവാര്‍ഡ് നാല് തവണ നേടിയിട്ടുണ്ട്.
ബോളിവുഡിലെ തന്റെ രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ അശുതോഷ് ഗോവാരിക്കര്‍, വിധു വിനോദ് ചോപ്ര, സഞ്ജയ് ലീല ബന്‍സാലി എന്നിവരുള്‍പ്പെടെ നിരവധി പ്രശസ്ത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച കലാസംവിധായകനാണ് നിതിന്‍ ദേശായി. ഹം ദില്‍ ദേ ചുകേ സനം, ദേവദാസ്, ജോധ അക്ബര്‍, ലഗാന്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, ബാജിറാവു മസ്താനി തുടങ്ങിയവയാണ് ശ്രദ്ധേയ പടങ്ങള്‍.
കലാസംവിധായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അവസാന പ്രോജക്റ്റ് 2019 ലെ പാനിപ്പത്ത് എന്ന സിനിമയില്‍ അശുതോഷ് ഗോവാരിക്കറിനൊപ്പം ആയിരുന്നു. ചലച്ചിത്ര രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് ഹോളിവുഡിലെ പ്രശസ്തമായ ആര്‍ട്ട് ഡയറക്ടേഴ്സ് ഗില്‍ഡ് ഫിലിം സൊസൈറ്റിയും അമേരിക്കന്‍ സിനിമാതെക്കും നിതീശ് ദേശായിയെ ആദരിച്ചിരുന്നു.
കലാസംവിധാനത്തിന് പുറമെ 2003ല്‍ ദേശ് ദേവി മാ ആശാപുര എന്ന ചിത്രത്തിലൂടെ നിതിന്‍ നിര്‍മ്മാണ രംഗത്തേക്കും കടന്ന് വന്നു. രാജാ ശിവഛത്രപതി എന്ന മറാത്തി സീരിയലും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. 2005-ല്‍ മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള കര്‍ജാത്തില്‍ എന്‍ഡി സ്റ്റുഡിയോ എന്ന പേരില്‍ പുതിയ സ്ഥാപനവും അദ്ദേഹം ആരംഭിച്ചു. 52 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ സ്റ്റുഡിയോയില്‍ നിരവധി പ്രമുഖ സിനിമകളും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ചിത്രം ജോധ അക്ബറാണ്.