സേനയ്ക്ക് കരുത്ത് പകരാന്‍ തീയറ്റര്‍ കമാന്‍ഡ്, ബില്‍ ഇന്ന് അവതരിപ്പിക്കും

Advertisement

ന്യൂഡെല്‍ഹി. ഇന്ത്യൻ സൈന്യത്തിന് പുതിയ കരുത്ത് പകരുന്ന തിയറ്റർ കമാണ്ട് യാഥാർത്ഥ്യമാകുന്നു. ഇതിനായുള്ള ബിൽ ഇന്ന് ലോകസഭയിൽ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് അവതരിപ്പിയ്ക്കും. കര, നാവിക, വ്യോമ സേനകൾ സ്വന്തം കമാൻഡുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന നിലവിലെ രീതിക്കു പകരം, 3 സേനകളിലെയും ഘടകങ്ങൾ ഉൾപ്പെടുത്തിയ സംയുക്ത കമാൻഡ് ആണു തിയറ്റർ കമാൻഡ്. ഒാരോ പ്രദേശത്തും 3 സേനകളുടെയും ആയുധ, ആൾ ബലങ്ങൾ ഒരു കമാൻഡിലേക്ക് ഏകോപിപ്പിച്ച്, യുദ്ധവേളയിൽ രാജ്യത്തിന്റെ പ്രതിരോധക്കരുത്തിനു മൂർച്ച കൂട്ടുകയാണു തിയറ്റർ കമാൻഡുകളുടെ ലക്ഷ്യം.

യുദ്ധമേഖല അല്ലെങ്കിൽ പ്രവർത്തന മേഖല എന്നതിനെ സൂചിപ്പിക്കുന്നതാണു തിയറ്റർ. സേനകളുടെ ഒറ്റക്കെട്ടായുള്ള പോരാട്ടം യുദ്ധവേളയിൽ ശത്രുവിനെതിരായ നീക്കങ്ങൾക്കു കരുത്തും മൂർച്ചയും നൽകുമെന്നും കണക്കുകൂട്ടുന്നു.ത്രീ സ്റ്റാർ റാങ്ക് ഉദ്യോഗസ്ഥനായിരിക്കും തിയറ്റർ കമാൻഡിന്റെ ചുമതല. കമാൻഡിന്റെ നിയന്ത്രണം കരസേനയ്ക്കാണെങ്കിൽ ലഫ്. ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും ചുമതല. വ്യോമസേനയ്ക്കാണെങ്കിൽ എയർ മാർഷലും നാവികസേനയ്ക്കെങ്കിൽ വൈസ് അഡ്മിറലും മേധാവിയാകും. ‘തിയറ്റർ കമാൻഡർ’ എന്നായിരിക്കും ഇവർക്കുള്ള വിശേഷണം.കമാൻഡിനു കീഴിൽ അണിനിരക്കുന്ന 3 സേനകളുടെയും ഭാഗമായുള്ള സന്നാഹങ്ങളുടെയും സേനാംഗങ്ങളുടെയും നിയന്ത്രണം ഈ ഉദ്യോഗസ്ഥനായിരിക്കും.

യുദ്ധവേളയിൽ കമാൻഡിനു കീഴിലുള്ള സന്നാഹങ്ങൾ അണിനിരത്തിയുള്ള പോരാട്ടത്തിന്റെ ചുമതലയും (ഓപ്പറേഷനൽ കൺട്രോൾ) തിയറ്റർ കമാൻഡർക്കായിരിക്കും. നിലവിൽ ഓരോ സേനയും സ്വന്തം കമാൻഡുകൾക്കു കീഴിലാണ് പ്രവർത്തിക്കുന്നത്. കര, വ്യോമ സേനകൾക്ക് 7 വീതം കമാൻ‍ഡുകളുണ്ട്; നാവികസേനയ്ക്ക് മൂന്നും.ചൈനയുടെയും അമേരിയ്ക്കയുടെയും പ്രതിരോധ സേനകൾ തിയറ്റർ കമാൻഡുകളായാണു പ്രവർത്തിക്കുന്നത്. ഇന്ത്യയെ നേരിടാൻ വേണ്ടി മാത്രം തങ്ങളുടെ പടിഞ്ഞാറൻ അതിർത്തിയിൽ പടിഞ്ഞാറൻ തിയറ്റർ കമാൻഡ് ചൈന രൂപീകരിച്ചിട്ടുണ്ട് .