നാഡീ രോഗങ്ങൾ മുതൽ ക്യാൻസർ ചികിത്സ വരെ… പുതുസാധ്യതകൾ തേടി ജമ്മു കശ്മീരിൽ കേന്ദ്ര സർക്കാരിൻറെ കഞ്ചാവ് തോട്ടം

Advertisement

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കേന്ദ്ര സർക്കാരിൻറെ കഞ്ചാവ് തോട്ടം ദേശീയ ശ്രദ്ധ നേടുന്നു. ലഹരിക്കായല്ല ഔഷധ നിർമ്മാണത്തിനായാണ് കനേഡിയൻ കമ്പനിയുമായി സഹകരിച്ചുള്ള പുതിയ പദ്ധതി. ജമ്മുകശ്മീരിലെ കഞ്ചാവ്തോട്ടത്തിലെ പുരോഗതി അടുത്തിടെയാണ് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് സന്ദർശിച്ച് പുരോഗതി വിലയിരുത്തിയത്. ഇന്ത്യയിലെ ഇത്തരത്തിലെ ആദ്യ കഞ്ചാവ് തോട്ടമാണ് കശ്മീരിലേത്.

നിരവധിയാളുകളെ ലഹരിയിലേക്ക് തള്ളിവിടുന്ന കഞ്ചാവ് ഉപയോഗിച്ച് ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്ക് മരുന്ന് കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തോട്ടത്തിൻറെ പ്രവർത്തനം. ജമ്മുകാശ്മീരിലെ ചാത്തയിലാണ് കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള കഞ്ചാവ്തോട്ടം സ്ഥിതി ചെയ്യുന്നത്. സിഎസ്ഐആറിന്റെയും ജമ്മു ഐഐഎമ്മിന്റെയും ഉടമസ്ഥതയിലുള്ള ഒരേക്കർ സംരക്ഷിത ഭൂമിയിലാണ് കന്നബിസ് റിസർച്ച് പ്രൊജക്ട് പുരോഗമിക്കുന്നത്.

കനേഡിയൻ കമ്പനിയായ ഇൻഡസ് സ്കാനുമായി കരാറുണ്ടാക്കിയാണ് കേന്ദ്രസർക്കാർ ഗവേഷണ പദ്ദതി നടപ്പാക്കുന്നത്. ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് പദ്ദതിയെന്നും നിർണായക ചുവടുവയ്പ്പാണിതെന്നും കഞ്ചാവ് തോട്ടം സന്ദർശിച്ച കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു. ലഹരി ഉപയോഗം ജമ്മു കശ്മീരിനേയും പഞ്ചാബിനേയും സാരമായി ബാധിച്ചിട്ടുണ്ട്. ആത്മ നിർഭർ ഭാരതിൻറെ ഭാഗമായുള്ള ഈ പദ്ധതി ലഹരിയുടെ ദുരുപയോഗത്തേക്കുറിച്ചുള്ള ബോധവൽക്കരണം കൂടി ലക്ഷ്യമിടുന്നുവെന്നാണ് കേന്ദ്ര മന്ത്രി വിശദമാക്കുന്നത്.

വലിയ രീതിയിലുള്ള നിക്ഷേപമാണ് പദ്ധതിയിലൂടെ ജമ്മു കശ്മീരിലെത്തുകയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. നാഡീരോഗങ്ങൾക്കും ജീവിത ശൈലീ രോഗങ്ങൾക്കുമുള്ള മരുന്ന് കഞ്ചാവിലൂടെ വികസിപ്പിക്കാനാണ് ശ്രമം. കയറ്റുമതി ചെയ്യാനാവുന്ന മരുന്നുകൾ കഞ്ചാവിൽ നിന്ന് തയ്യാറാക്കുകയാണ് ലക്ഷ്യം. ഇത്തരം മരുന്നുകൾക്കുവേണ്ട പല ഘടകങ്ങളും കഞ്ചാവ് ചെടിയിലുണ്ടെന്ന് നേരത്തെ ഗവേഷകർ കണ്ടെത്തിയിരുന്നു. പദ്ധതിയിലൂടെ കോടികളുടെ വരുമാനവും വിദേശ കമ്പനികളുടെയടക്കം നിക്ഷേപവും കേന്ദ്രം പ്രതീക്ഷിക്കുന്നുണ്ട്. 1985 ലാണ് ഇന്ത്യയിൽ കഞ്ചാവ് കൃഷിയും ഉപയോഗവും നിരോധിച്ചത്.

ജമ്മുകാശ്മീരിന് പിന്നാലെ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മണിപ്പൂർ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ഔഷധ നിർമ്മാണത്തിനും മറ്റുമായി കഞ്ചാവ് ഉപയോഗപ്പെടുത്തുന്നതിന് നയം രൂപീകരിക്കാൻ നടപടിയാരംഭിച്ചിട്ടുണ്ട്. പദ്ദതിയുടെ ഭാഗമായുള്ള ആദ്യ തോട്ടമാണ് ജമ്മുവിലേത്, വിജയിച്ചാൽ മറ്റു സംസ്ഥാനങ്ങളിലും സർക്കാർ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിൽ കഞ്ചാവ് പൂത്ത് തളിർക്കുമെന്ന് ചുരുക്കം.

Advertisement