‘അച്ഛനിപ്പോഴും ഗ്യാസ് സിലിണ്ടർ ചുമന്ന് വീടുകളും ഹോട്ടലുകളും കയറിയിറങ്ങുന്നു’; തുറന്നു പറഞ്ഞ് റിങ്കു സിംഗ്

Advertisement

അലിഗഢ്: താൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയെങ്കിലും തൻറെ പിതാവ് ഇപ്പോഴും പഴയ ജോലി വിട്ടിട്ടില്ലെന്ന് തുറന്നു പറഞ്ഞ് ഇന്ത്യൻ താരം റിങ്കു സിംഗ്. ജോലി ഉപേക്ഷിച്ച് വിശ്രമിക്കാൻ പറഞ്ഞെങ്കിലും അച്ഛൻ ഖാൻചന്ദ് ഇപ്പോഴും എൽപിജി സിലിണ്ടറുകളും ചുമന്ന് വീടുകളും ഹോട്ടലുകളും കയറി ഇറങ്ങുന്ന ജോലി തുടരുകയാണെന്നും റിങ്കു സിംഗ് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി പുറത്തെടുത്ത മിന്നും പ്രകടനത്തിന് പിന്നാലെ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് റിങ്കു സിംഗിനെ തെരഞ്ഞെടുത്തിരുന്നു. റുതുരാജ് ഗെയ്ക്‌വാദ് നയിക്കുന്ന ടീമിൽ ഇന്ത്യയുടെ ഫിനിഷറായി റിങ്കു ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലേയിംഗ് ഇലവനിൽ അവസരം ലഭിക്കുമോ എന്നൊന്നും ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും അവസരം ലഭിച്ചാൽ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നും റിങ്കു സിംഗ് പറഞ്ഞു.

റൺസടിക്കുക എന്നത് മാത്രമാണ് എൻറെ ചുമതല. അത് ഏറ്റവും മികച്ച രീതിയിൽ ചെയ്യാൻ ശ്രമിക്കും. ഞാൻ ഇന്ത്യൻ ടീമിലെത്തിയതിൽ എൻറെ മാതാപിതാക്കളും സഹോദരങ്ങളും ബാല്യകാല പരിശീലകൻ മസൂദ് അമിനിയുമെല്ലാം സന്തുഷ്ടരാണ്. ഐപിഎല്ലിൽ മൂന്ന് സീസണുകളിലും പിന്നെ കുറച്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും കളിച്ചതോടെ എനിക്കിപ്പോൾ എൻറെ കുടുംബത്തെ നല്ലരീതിയിൽ നോക്കാനുള്ള വരുമാനമുണ്ട്. കുടുംബാംഗങ്ങളെല്ലാം ഒരു വീട്ടിലാണ് താമസിക്കുന്നത്. നല്ലരീതിയിൽ ജീവിക്കാനുള്ള വരുമാനമായെങ്കിലും അച്ഛൻ ഖാൻചന്ദ് ഇപ്പോഴും എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്യുന്ന തൻറെ ജോലി ഉപേക്ഷിച്ചിട്ടില്ലെന്ന് റിങ്കു സിംഗ് പറഞ്ഞു.

അച്ഛനോട് പലവട്ടം പറഞ്ഞതാണ്. ഇത്രയും കാലം കഠിനമായി പണിയെടുത്തതല്ലേ, ഇനി വിശ്രമിക്കൂ എന്ന്. എന്നാൽ അദ്ദേഹം കേൾക്കുന്നില്ല. ഇപ്പോഴും അദ്ദേഹം സിലിണ്ടറുകൾ ചുമന്ന് വീടുകളും ഹോട്ടലുകളും കയറി ഇറങ്ങുന്നുണ്ട്. അച്ഛന് ആ ജോലി എന്തോ ഭയങ്കര ഇഷ്ടമാണ്. അച്ഛൻറെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ ചിലപ്പോൾ തോന്നും അതാണ് ശരിയെന്ന്. കാരണം, വീട്ടിൽ വിശ്രമജീവിതം നയിക്കാൻ തുടങ്ങിയാൽ അച്ഛന് പെട്ടെന്ന് തന്നെ ആ ജീവിതം മടുക്കും. പ്രത്യേകിച്ച ജീവിതത്തിൽ കഠിനമായി കഷ്ടപ്പെട്ടവ ഒരാൾക്ക്. അതുകൊണ്ടുതന്നെ അച്ഛൻ ചെയ്യുന്ന ജോലി നിർത്താൻ പറയുക ബുദ്ധിമുട്ടാണെന്നും റിങ്കു സിംഗ് പറഞ്ഞു.

കഷ്ടപ്പാടുകൾ അനുഭവിച്ചു വളർന്ന റിങ്കു തൻറെ നാട്ടിലെ കുട്ടികൾക്കായി ഒരു ഹോസ്റ്റൽ നിർമിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ. ക്രിക്കറ്റിനോട് താൽപര്യമുള്ള നിർധനരായ കുട്ടികൾക്ക് ഹോസ്റ്റലിൽ താമസിച്ച് പഠനവും പരിശീലനവും തുടരാമെന്ന് റിങ്കു പറഞ്ഞു. കഴിഞ്ഞ ഐപിഎല്ലിലെ മികച്ച പ്രകടനത്തിനുശേഷം ജീവിതം മാറിമറിഞ്ഞുവെന്നും ഇന്ന് ഒരുപാട് പേര് തന്നെ തിരിച്ചറിയുന്നുവെന്നും റിങ്കു പറഞ്ഞു.