മുംബൈ: ബുധനാഴ്ച മുംബൈയ്ക്കടുത്തുള്ള സ്വന്തം സ്റ്റുഡിയോയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബോളിവുഡ് കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായി (57) മരിക്കുന്നതിന് മുൻപ് 11 ഓഡിയോ സന്ദേശങ്ങൾ റെക്കോർഡ് ചെയ്തിരുന്നതായി പൊലീസ്. ഓഡിയോ റെക്കോർഡർ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.
അസ്വാരസ്യത്തിലുള്ള ചിലരുടെ പേര് ഓഡിയോ സന്ദേശങ്ങളിൽ ദേശായി പറയുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ആളുകളുടെ പേരുവിവരങ്ങൾ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ഫൊറൻസിക് പരിശോധനാ ഫലത്തിനുശേഷം അന്വേഷണത്തിന്റെ ദിശ മാറിയേക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു. ബുധനാഴ്ച രാവിലെ സ്റ്റുഡിയോയിലെ ജീവനക്കാരാണ് മൃതദേഹം കണ്ടത്. അദ്ദേഹത്തിന് 252 കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്നു.
നിലവിൽ, അസ്വാഭാവിക മരണത്തിനു പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കടബാധ്യതയാണോ ജീവനൊടുക്കാൻ കാരണമെന്നും അന്വേഷിക്കുന്നുണ്ട്. തൂങ്ങിമരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സ്ഥലത്തുനിന്നു കണ്ടെത്തിയ മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് പരിശോധിക്കും. സ്റ്റുഡിയോയിലെ ജീവനക്കാരിൽനിന്നും പരിചാരകരിൽനിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി.