രാഹുല്‍ തിങ്കളാഴ്ച സഭയിലെത്തുമോ, ആവേശത്തില്‍ കോണ്‍ഗ്രസ്

Advertisement

ന്യൂഡെല്‍ഹി . അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തതോടെ വലിയ ആവേശത്തിലാണ് കോണ്‍ഗ്രസ്. ലോകസഭ അംഗത്വത്തിൽ നിന്നുള്ള അയോഗ്യത നീങ്ങി തിങ്കളാഴ്ച തന്നെ രാഹുൽ പാർലമെന്റിൽ എത്തണമെന്നാണ് കോൺഗ്രസിന്റ ആവശ്യം. വിഷയത്തിൽ അവിശ്വാസ പ്രമേയ ചർച്ച ചൊവ്വാഴ്ച നടക്കുമ്പോൾ രാഹുൽ പാർലമെന്റിൽ ഉണ്ടാകുമെന്ന് ഉറപ്പുവരുത്താനുള്ള നീക്കത്തിലാണ് കോണ്ഗ്രസ്.

സുപ്രീംകോടതി വിധിവന്നതിന് പിന്നാലെ ലോക്സഭാ കക്ഷി നേതാവ് അതിർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സ്പീക്കർ ഓം ബിർളയെ കണ്ട്, രാഹുലിന്റെ അയോഗ്യത നീക്കാൻ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ചക്കുള്ളിൽ അയോഗ്യത പിൻവലിക്കുന്ന നടപടി ഉണ്ടായില്ലെങ്കിൽ, നിയമപരമായ പോരാട്ടങ്ങളിലേക്ക് അടക്കം നീങ്ങാനാണ് കോൺഗ്രസിന്റെ തീരുമാനം.

ശിക്ഷിക്കപ്പെട്ട് 24 മണിക്കൂറിനകം അയോഗ്യനാക്കിഎങ്കിൽ, അതേ വേഗതയിൽ തന്നെ അയോഗ്യത പിൻവലിക്കാനും നടപടി ഉണ്ടാക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. നടപടി ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ പ്രചരണ മാക്കാനും കോൺഗ്രസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വർഷകാലസമ്മേളനത്തിൽ തന്നെ രാഹുൽഗാന്ധി സഭയിലെത്തിയാൽ അത് ഒരു രാഷ്ട്രീയ വിജയമാകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്

Advertisement