പശുവും മൂർഖനും ഒരു പ്രണയ സല്ലാപം; വൈറലായ ഒരു വീഡിയോ കാണാം

Advertisement

പ്രകൃതിയെ കുറിച്ച് മനുഷ്യന് ഇന്നും പൂർണ്ണമായ അറിവില്ല. മനുഷ്യനൊഴികെയുള്ള ജീവിവർഗ്ഗങ്ങൾ, അതും ഇത്രയേറെ വൈവിധ്യമുള്ള ഈ ലോകത്ത് എങ്ങനെയാണ് ആശയവിനിമയം സാധ്യമാക്കുന്നതെന്നത് മനുഷ്യന് ഇന്നും അജ്ഞാതമാണ്. പല ജീവിവർഗ്ഗവും സ്വന്തം വർഗ്ഗത്തിൻറെ തനത് രീതികൾ എങ്ങനെയാണ് പുതിയ തലമുറയ്ക്ക് കൈമാറുന്നതെന്ന് പോലും മനുഷ്യന് വ്യക്തമല്ല. കാരണം അത്രയേറെ വൈവിധ്യവും വൈജാത്യവുമുള്ള ജീവികൾ ഈ ലോകത്തിലുണ്ടെന്നത് തന്നെ. ഇതിനിടെയാണ് സുശാന്ത നന്ദ ഐഎഫ്എസ് തൻറെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച ഒരു വീഡിയോ വൈറലായത്. ഒരു പശുവും മൂർഖനും തമ്മിലുള്ള ഏതാനും നിമിഷങ്ങളായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. എന്നാൽ വീഡിയോ കണ്ട പലരും പശുവിൻറെ അസാമാന്യ ധൈരത്തിൽ അത്ഭുതപ്പെട്ടു. മൂർഖനും പശുവും സ്നേഹത്തിലാണെന്നായിരുന്നു ചിലർ അവകാശപ്പട്ടത്.

‘വിശദീകരിക്കാൻ പ്രയാസം. ശുദ്ധമായ സ്നേഹത്തിലൂടെ നേടിയ വിശ്വാസം’ എന്ന് കുറിച്ച് കൊണ്ടായിരുന്നു സുശാന്ത നന്ദ വീഡിയോ പങ്കുവച്ചത്. നിരവധി പേർ വീഡിയോയ്ക്ക് താഴെ ‘അവിശ്വസനീയം’, ‘അത്ഭുതം’ എന്നിങ്ങനെയാണ് എഴുതിയത്. വീഡിയോ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധയാകർഷിച്ചു. ഇതിനകം ആറ് ലക്ഷത്തി അറുപത്താറായിരത്തിലേറെ പേരാണ് വീഡിയോ കണ്ടത്. ഒരു പശു തൻറെ മുന്നിൽ പത്തി വിടർത്തി നിൽക്കുന്ന ഒരു മൂർഖൻ പാമ്പിനെ മണത്ത് നോക്കുന്നതിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. മൂർഖനും പശുവിനെ കൗതുകത്തോടെ നോക്കുന്നു.

അല്പ സമയത്തിന് ശേഷം പശുവിന് തൻറെ തലയിൽ ചുംബിക്കാനെന്ന വണ്ണം മൂർഖൻ തൻറെ പത്തി പശുവിൻറെ വായ്ക്കടിയിലേക്ക് കൊണ്ടു പോകുന്നു. എന്നാൽ പശുവാകട്ടെ നാക്ക് കൊണ്ട് പുല്ല് വായ്ക്കുള്ളിലേക്ക് തള്ളിവയ്ക്കുന്ന തരത്തിൽ മൂർഖൻറെ പത്തി നാക്ക് ഉപയോഗിച്ച് വലിച്ചെടുക്കാൻ ശ്രമിക്കുന്നു. അപകടം മനസിലാക്കിയ മൂർഖൻ പെട്ടെന്ന് തൻറെ പത്തി വലിച്ചെടുക്കുന്നതും വീഡിയോയിൽ കാണാം. വെറും പതിനേഴ് സെക്കൻറ് മാത്രമാണ് വീഡിയോയുള്ളത്. വീഡിയോ കണ്ട നിരവധി പേർ തങ്ങളുടെ അഭിപ്രായം എഴുതാനായി വീഡിയോയ്ക്ക് താഴെയെത്തി. ‘പശുവിൻറെയും സർപ്പത്തിൻറെയും വിവരണാതീതമായ പെരുമാറ്റം. പക്ഷേ, മനുഷ്യർക്ക് മനസ്സിലാക്കാൻ പറ്റാത്ത ഒരു ഭാഷ അവർക്കുണ്ട്.’ ഒരു കാഴ്ചക്കാരനെഴുതി.

Advertisement