സാധാരണയായി കടുവകളെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിൽ വരിക ശരീരത്തിൽ ഇരുണ്ട നിറത്തിലുള്ള വരകളോട് കൂടിയ ഒരു വലിയ പൂച്ചയുടെ ചിത്രം ആയിരിക്കും. വീഡിയോകളിലും ചിത്രങ്ങളിലും മൃഗശാലകളിലും ഒക്കെ നമ്മൾ കണ്ടു ശീലിച്ച പരിചിതമായ ഒരു കടുവയുടെ രൂപമിതാണ്.
എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ അപൂർവ്വം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു കടുവയുടെ ചിത്രവും വീഡിയോകളും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. ശരീരം മുഴുവനും പ്രത്യേകിച്ച് തലയ്ക്ക് പിൻഭാഗം മുതൽ മുതുക് വരെയുള്ള ഭാഗത്ത് കറുത്ത നിറത്തിലുള്ള ഈ കടുവയെ കണ്ടെത്തിയത് ഒഡീഷ ദേശീയോദ്യാനത്തിലാണ്. സാധാരണ കടുവകളുടെ രൂപത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഈ കടുവയുടെ രൂപം. ദേശീയോദ്യാനത്തിൽ സ്ഥാപിച്ച രഹസ്യ ക്യാമറകളിലാണ് ഈ അപൂർവ്വ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
രമേഷ് പാണ്ഡെ ഐഎസ്എഫാണ് തൻറെ ട്വിറ്റർ അക്കൗണ്ടിലൂടെ ഈ കറുത്ത കടുവയുടെ ആകർഷകമായ ദൃശ്യങ്ങൾ പങ്കിട്ടത്. ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പെട്ടെന്ന് വൈറലായെന്ന് മാത്രമല്ല വ്യാപക ചർച്ചയ്ക്കും വഴി തുറന്നു. വീഡിയോയിൽ കാട്ടിലെ ഒരു മരം മണത്ത് നോക്കുന്ന കടുവയിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ കടുവ പിൻകാലുകളിൽ എഴുന്നേറ്റ് നിന്ന് മുൻകാലുകളിലെ നഖങ്ങൾ ഉപയോഗിച്ച് മരത്തിൽ കോറിയിടുന്നു. തുടർന്ന് കടുവ അവിടെ നിന്നും നടന്ന് പോകുന്നു.
സിമിലിപാൽ പ്രദേശത്തെയും അതിൻറെ വൈവിധ്യമാർന്ന വന്യജീവികളെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നെറ്റിസൺസിനിടെ വലിയ ചർച്ചകളാണ് വീഡിയോയ്ക്ക് പിന്നാലെ ആരംഭിച്ചത്. ഈ അപൂർവ്വ കണ്ടെത്തൽ പ്രദേശത്ത് കാണപ്പെടുന്ന തനതായ ആവാസ വ്യവസ്ഥകളെയും ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നുവെന്ന് നിരവധി ഉപഭോക്താക്കൾ അഭിപ്രായപ്പെട്ടു. ‘ഒഡീഷയിലെ സിമിലിപാൽ ടൈഗർ റിസർവിലെ മെലാനിസ്റ്റിക് കടുവയുടെ മനോഹരമായ ക്യാമറ ട്രാപ്പ് വീഡിയോ, ജനസംഖ്യയിലെ ജനിതകമാറ്റം കാരണം കറുത്ത കടുവകളെ നമ്മൾ കാണുന്ന ഒരേയൊരു സ്ഥലമാണ്. ‘ എന്ന് കുറിച്ച് കൊണ്ടായിരുന്നു അദ്ദേഹം വീഡിയോ പങ്കുവച്ചത്. ഓഗസ്റ്റ് ഒന്നിന് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിനാളുകൾ കണ്ടു കഴിഞ്ഞു.